എപ്പോഴും ക്ഷീണമാണോ? ഭക്ഷണത്തിലെ പോരായ്‌മകൾ കൊണ്ടോ, അല്ലെങ്കിൽ കാലാവസ്‌ഥ കൊണ്ടോ നിർജലീകരണം കൊണ്ടോ അമിതമായി ക്ഷീണം തോന്നുന്നത് മിക്കവർക്കും പതിവാണ്. അത്തരക്കാർക്ക് വളരെ സഹായകരമായ ഒരു ജ്യൂസിനെ കുറിച്ചാണ് പങ്കുവെക്കുന്നത്. നെല്ലിക്ക, ഇഞ്ചി, കസ്‌കസ് ഇവ മൂന്നും മാത്രമാണ് ഈ ജ്യൂസിന് ആവശ്യമായി വരുന്ന ചേരുവകൾ.
ഇവ മൂന്നും തന്നെ പലവിധ ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണ സാധനങ്ങളാണ്. നെല്ലിക്കയെ ഔഷധങ്ങളുടെ കലവറയായാണ് പരമ്പരാഗതമായി തന്നെ കണക്കാക്കപ്പെടുന്നത്. വൈറ്റമിൻ സിയുടെ നല്ലൊരു സ്രോതസാണ് നെല്ലിക്ക. അതിനാൽ ഇത് രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിലൂടെ നമ്മുടെ തളർച്ചയെ മറികടക്കാനും ഒപ്പം പലവിധ അണുബാധകളെയും അസുഖങ്ങളെയും ചെറുക്കാനും സാധിക്കുന്നു.
ഇഞ്ചിയും ഇതുപോലെ തന്നെ പരമ്പരാഗതമായി മരുന്ന് എന്ന നിലക്കാണ് അറിയപ്പെടുന്നത്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്കും അണുബാധകളെ ചെറുക്കാനും ഇഞ്ചി ഏറെ ഫലപ്രദമാണ്. ഇതിലൂടെ നാം നേരിടുന്ന തളർച്ചയെ അതിജീവിക്കാനും സാധിക്കുന്നു. ഫൈബർ, പ്രോട്ടീൻ, ഓമേഗാ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച സ്രോതസാണ് കസ്‌കസ്. ഇത് കഴിക്കുന്നതിലൂടെ ഉൻമേഷവും ഉണർവും ഉണ്ടാകുന്നു.
ജ്യൂസ് തയ്യാറാക്കുന്ന വിധം
ഒന്നോ രണ്ടോ നെല്ലിക്ക, ഒരിഞ്ചു നീളത്തിലുള്ള ഇഞ്ചി, ഒരു ടീസ്‌പൂൺ കസ്‌കസ് എന്നിവ എടുക്കുക. നെല്ലിക്കയും ഇഞ്ചിയും ഇളം ചൂടുവെള്ളത്തിൽ കഴുകി വൃത്തയാക്കിയെടുക്കുക. കസ്‌കസ് വെള്ളത്തിൽ കുതിർത്താനിടുക. നെല്ലിക്ക ചെറുതായി മുറിച്ചു ഇഞ്ചിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കുതിർത്തിയ കസ്‌കസും ചേർക്കുക. ശേഷം ഇഷ്‌ടാനുസരണം വെള്ളവും ചേർത്ത് ജ്യൂസ് പരുവത്തിലാക്കിയ ശേഷം കുടിക്കാം. ഈ ജ്യൂസ് പതിവായി കുടിക്കുന്നത് ഏറെ നല്ലതാണ്.
(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)
Most Read: ഡെൽഹിയുടെ അധികാരം സംസ്‌ഥാന സർക്കാരിന് തന്നെ; കേന്ദ്രത്തിന് തിരിച്ചടി