കണ്ണൂര്‍: ഇ ബുള്‍ജെറ്റ് യുട്യൂബേഴ്‌സിന്റെ കൂടുതല്‍ ഗതാഗത ലംഘനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് പോലീസും മോട്ടോര്‍ വാഹന വകുപ്പും. ഇവർ വാഹനത്തില്‍ ആംബുലന്‍സിന്റെ സൈറണ്‍ ഘടിപ്പിക്കുകയും തിരക്കുള്ള റോഡുകളിലൂടെ സൈറണ്‍ മുഴക്കി പോകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്.
എന്നാൽ കേരളത്തിന് പുറത്താണ് ഇത്തരം സംഭവങ്ങള്‍ നടന്നതെന്നാണു സൂചന. ഇതിനെക്കുറിച്ചാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷിക്കുന്നത്. ഈ വാഹനം ഉപയോഗിച്ച് കൂടുതല്‍ നിയമ ലംഘനങ്ങള്‍ നടത്തിയതായും മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു.
അതേസമയം യൂട്യൂബ് ചാനലുകളുടെ മറവില്‍ കോടികളുടെ സമ്പാദ്യം നേടിയവരെക്കുറിച്ച് സംസ്‌ഥാന രഹസ്യാന്വേഷണ വകുപ്പും ഇഡിയും അന്വേഷിക്കും. ഇവര്‍ നടത്തിയ യാത്രകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. യൂട്യൂബ് ചാനല്‍ തുടങ്ങി വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിലര്‍ കോടിക്കണക്കിന് രൂപയുടെ വാഹനങ്ങളും വീടുകളും സ്വന്തമാക്കിയതായാണ് കണ്ടെത്തൽ.
ഇതിനിടെ കളക്‌ടറേറ്റിലെ ആര്‍ടിഒ ഓഫിസിൽ സംഘര്‍ഷം സൃഷ്‌ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പിഴയടക്കാമെന്ന് ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ കോടതിയില്‍ അറിയിച്ചു. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള കേസുകളിൽ ഏഴായിരത്തോളം രൂപ ഇവർക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള പിഴ സംബന്ധിച്ച് ഇ ബുള്‍ജെറ്റ് ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റിന് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. ഇവ മോട്ടോർ വാഹന വകുപ്പിന്റെ പരിധിയിലാണ് വരുന്നത്.
ഇരിട്ടി സ്വദേശികളായ ഇ ബുള്‍ജെറ്റ് യുട്യൂബേഴ്‌സ് എബിന്‍, ലിബിന്‍ എന്നിവരെ തിങ്കളാഴ്‌ച ഉച്ചയോടെയാണ് ടൗണ്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌ത് കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ആഗസ്‌റ്റ് 12നാണ് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുക.
Most Read: നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവൻ സിബിഐ കോടതിയിൽ ഹാജരായി