കണ്ണൂർ: ഇ ബുൾജെറ്റിനെതിരെ കടുത്ത നടപടിയുമായി എംവിഡി. ഇ ബുൾ ജെറ്റ് വ്‌ളോഗർ സഹോദരങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ എംവിഡി റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ വാഹന ഉടമകളുടെ മറുപടി തൃപ്‌തികരം അല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി. ആറ് മാസത്തേക്കാണ് രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത്.
ഇ ബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി നേരത്തെ കുറ്റപത്രം സമർപ്പിച്ചതാണ്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇവരുടെ വാഹനം അപകടം വരുത്തിയേക്കാവുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്ന് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചുവെന്നും ഇത് നിയമലംഘനമാണെന്നും കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു. 1988ലെ മോട്ടോർ വാഹന നിയമവും കേരള മോട്ടോർ നികുതി നിയമവും ഇ ബുൾ ജെറ്റ് സഹോദരൻമാർ ലംഘിച്ചതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്‌തു, എൽഇഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
നികുതി നിയമവുമായി ബന്ധപ്പെട്ടാണ് മറ്റൊരു കുറ്റം. നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദങ്ങൾ വീഴ്‌ച വരുത്തി. വാഹനം ഭേദഗതി ചെയ്‌തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ല എന്നതുൾപ്പടെ കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
ഓഗസ്‌റ്റ് ഒൻപതിന് കണ്ണൂർ ആർടി ഓഫിസിലെത്തി ബഹളം വെക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഉദ്യോഗസ്‌ഥരുടെ കൃത്യനിർവഹണത്തിന് തടസം സൃഷ്‌ടിക്കുകയും ചെയ്‌തതിന് അറസ്‌റ്റിലായ ഇ ബുൾജെറ്റ് സഹോദരങ്ങൾ ഇപ്പോൾ ജാമ്യത്തിലാണ്.
Most Read: എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് അറസ്‌റ്റിൽ