തിരുവനന്തപുരം: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ. വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്‌താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദ്ദേശം.
നാളെ വൈകിട്ട് നാലുമണിക്ക് ഇരുവരും രാജ്ഭവനിൽ എത്തണം. മലപ്പുറം സ്വർണക്കടത്തും ഹവാല കേസുകളും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്‌തികൾ ആരെന്നും വിശദീകരിക്കണമെന്നാണ് ഗവർണറുടെ നിർദ്ദേശം. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഗവർണർ റിപ്പോർട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയിരുന്നില്ല.
ഇതേത്തുടർന്നാണ് നേരിട്ടെത്താനുള്ള നിർദ്ദേശം. ‘ദ ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിലാണ് വിവാദപരാമർശം ഉണ്ടായത്. എന്നാൽ, താൻ പറയാത്ത കാര്യങ്ങളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തിൽ നൽകിയതെന്നും, വീഴ്‌ച പറ്റിയെന്ന് പത്രം തന്നെ സമ്മതിച്ചുവെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.
”കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിന്ന് 150 കിലോ സ്വർണവും 123 കോടി രൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇത്തരക്കാർക്കെതിരെ സർക്കാർ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്”- എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചിരുന്നത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്