ഗൂഡാലോചനയെന്ന് ആരോപണം; ചാറ്റുകൾ ചോർന്നതിൽ പാകിസ്‌ഥാനെ പഴിച്ച് അർണബ്

By Trainee Reporter, Malabar News
MALABARNEWS-ARNAB
Arnab Goswami
Ajwa Travels

ന്യൂഡെൽഹി: തന്റെ വാട്‌സാപ്പ് ചാറ്റുകൾ ചോർന്നതിനും രാജ്യത്തെ മാദ്ധ്യമങ്ങളും പ്രതിപക്ഷവും തനിക്ക് എതിരെ തിരിഞ്ഞതിനും കാരണം പാകിസ്‌ഥാനാണെന്ന് അർണബ് ഗോസ്വാമി. തിങ്കളാഴ്‌ച പുറത്തിറക്കിയ കുറിപ്പിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എല്ലാത്തിനും പിന്നിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഇടപെടലാണെന്നാണ് അർണബ് പറയുന്നത്.

റിപ്പബ്‌ളിക്കിന് എതിരായ പാകിസ്‌ഥാൻ ഗൂഢാലോചന ഇപ്പോൾ പരസ്യമായത് കൗതുകമാണ്. തീവ്രവാദ രാഷ്‌ട്രത്തിന്റെ പാവയായി നിയമിതനായ ഇമ്രാൻ ഖാൻ എനിക്കെതിരെ പ്രസ്‌താവനകൾ ഇറക്കിയിട്ടുണ്ട്. പുൽവാമക്ക് ശേഷമുണ്ടായ ബലാകോട്ടിനെ നിഷേധിക്കാൻ ഇമ്രാൻ ഖാൻ ശ്രമിച്ചെങ്കിലും പിന്നീട് അത് അംഗീകരിക്കേണ്ടി വന്നു. പാകിസ്‌ഥാനെ സഹായിക്കാൻ കോൺഗ്രസും റിപ്പബ്ളിക്ക് വിരുദ്ധ മാദ്ധ്യമങ്ങളും തമ്മിലുള്ള സഹരണമാണ് എന്നെ ഞെട്ടിച്ചതെന്നും അദ്ദേഹം കുറിച്ചു.

“ഓരോ ഇന്ത്യക്കാരനും പുൽവാമ ഭീകരാക്രമണത്തോട് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യൻ മാദ്ധ്യമങ്ങളിൽ ചിലർ റിപ്പബ്ളിക്ക് എന്തിനാണ് അങ്ങനെ പ്രതീക്ഷിച്ചതെന്ന് ചോദിക്കുന്നു”, അർണബ് പറയുന്നു. റിപ്പബ്ളിക്ക് വിരുദ്ധ ചാനലുകൾ ഐഎസ്‌ഐക്കും ഇമ്രാൻ ഖാനും അനുകൂലമായി പ്രവർത്തിക്കുമ്പോൾ അത് ദേശീയ താൽപ്പര്യത്തെ മുറിവേൽപ്പിക്കുകയാണെന്നും അർണബ് ആരോപിക്കുന്നു.

ഇന്ത്യയിലെ വിവാദങ്ങളെ പറ്റി പാകിസ്‌ഥാൻ നടത്തിയ പ്രതികരണമാണ് അർണബിന് പിടിവള്ളിയായത്. ഹിന്ദുത്വ ഭരണകൂടത്തിന്റെയും ഇന്ത്യൻ മാദ്ധ്യമങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് ചാറ്റുകൾ ചോർന്നതിലൂടെ പുറത്തായത് എന്നായിരുന്നു സംഭവത്തിൽ പാകിസ്‌ഥാന്റെ പ്രതികരണം. ഇതോടെ താനകപെട്ട വിവാദങ്ങളിൽ നിന്ന് രക്ഷപെടാൻ അർണബ് പാകിസ്‌ഥാനെ പഴിക്കാൻ തുടങ്ങുകയായിരുന്നു.

500 പേജ് വരുന്ന ചാറ്റുകളാണ് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത്. ഇന്ത്യക്ക് എതിരായി പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വലിയ സന്തോഷമാണ് അർണബിന്റെ ചാറ്റുകളിൽ പ്രകടമാകുന്നത്. പുൽവാമ ആക്രമണത്തെക്കുറിച്ച് ‘വലിയ വിജയം’ എന്നായിരുന്നു അർണബ് ബാർക് സിഇഒയുമായുള്ള ചാറ്റിൽ പറഞ്ഞിരുന്നത്. റിപ്പബ്ളിക്ക് ടിവി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിംഗ് കമ്പനിയായ ബാർക് സിഇഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നത് വലിയ രീതിയിലുള്ള രാഷ്‌ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

Read also: അഭയാകേസ്; ശിക്ഷാ നടപടിക്കെതിരെ ഫാദര്‍ കോട്ടൂരും, സിസ്‌റ്റര്‍ സെഫിയും ഹൈക്കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE