ആര്യാടന്‍ മുഹമ്മദ്: ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്

By Central Desk, Malabar News
Aryadan Muhammad_Farewell with official honours

മലപ്പുറം: മലബാറിന്റെ മതേതര ഹൃദയം ആര്യാടൻ മുഹമ്മദിന് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്. ഇന്നലെ രാവിലെ എട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിൽസയിൽ ആയിരുന്നു.

നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്‌ജിദിൽ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടന്നത്. പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് ഇദ്ദേഹത്തിന് ആന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ആര്യാടനെ അനുസ്‌മരിച്ച് മസ്‌ജിദ്‌ മുറ്റത്ത് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. നിരവധി രാഷ്‌ട്രീയ യനേതാക്കളും പൗരപ്രമുഖരും സംസ്‌കാര ചടങ്ങിനെത്തി.

തിരക്കഥാകൃത്തും രാഷ്‌ട്രീയ പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം ഭൗതിക ശരീരം കാണാനെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദ്.

ഏഴു പതിറ്റാണ്ടുകാലം സജീവ രാഷ്‌ട്രീയയത്തിന്റെ ഭാഗമായിരുന്ന ഇദ്ദേഹത്തോടെ‍ാപ്പം നിർഭയത്വവും നിശ്ചയദാർഢ്യവും എപ്പോഴുമുണ്ടായിരുന്നു. കറകളഞ്ഞ മതേതരവാദിയായ ഇദ്ദേഹം ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ അറിവും നിലപാടുകളും വഴിയും തീവ്രവാദ നിലാപടുകളെ ശക്‌തമായി പ്രതിരോധിച്ചതിന്റെ പേരിലും മുസ്‌ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിര്‍ക്കുക വഴിയും പലപ്പോഴും മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്‌തിയാണ്‌.

എട്ടുതവണ ഇദ്ദേഹം നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും കോൺഗ്രസിന് വേണ്ടി നിമയസഭയിൽ എത്തിയിട്ടുണ്ട്. ട്രേഡ് യൂണിയൻ പ്രവർത്തനം വഴിയാണ് രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി സംസ്‌ഥാന രാഷ്‌ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗം. 1969ൽ മലപ്പുറം ജില്ല രൂപീകൃതമായപ്പോൾ ഡിസിസി പ്രസിഡണ്ടായി. 1978മുതൽ കെപിസിസി സെക്രട്ടറിയായി.

1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മൽസരിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ കെ കുഞ്ഞാലിയോട് തോറ്റു. പിന്നീട്, 1969 ജൂലൈ 28ന് നിലമ്പൂരിലെ ഒരു എസ്‌റ്റേറ്റിൽ വെച്ച് കുഞ്ഞാലി വെടിയേറ്റ് മരിച്ചു. ആര്യാടൻ മുഹമ്മദായിരുന്നു കേസിലെ ഒന്നാം പ്രതി. എന്നാൽ ആര്യാടന് കേസിൽ പങ്കില്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു.

അടിയന്തരാവസ്‌ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മൽസരിച്ച് തോറ്റു. എ ഗ്രൂപ്പ് ഇടതുപക്ഷത്ത് എത്തിയപ്പോള്‍ ആ വർഷം എംഎൽഎ ആകാതെ തന്നെ ഇടത് മുന്നണി മന്ത്രിസഭയിൽ മന്ത്രിയായി. വനം-തൊഴില്‍ വകുപ്പാണ് ലഭിച്ചത്. പിന്നീട്, 1987മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിച്ചു. 1995, 2001ലും മന്ത്രിസഭയിൽ ഉള്‍പ്പെട്ടു. തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി.

Related: മലബാറിന്റെ മതേതര ഹൃദയം; ആര്യാടൻ മുഹമ്മദ് വിടപറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE