മലബാറിന്റെ മതേതര ഹൃദയം; ആര്യാടൻ മുഹമ്മദ് വിടപറഞ്ഞു

By Central Desk, Malabar News
The secular heart of Malabar; Aryadan Muhammad passed away

മലപ്പുറം: കറകളഞ്ഞ മതേതരവാദിയും കോൺഗ്രസ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി-ഗതാഗത മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് (87), നിലമ്പൂരുകാരുടെ കുഞ്ഞാക്ക വിടപറഞ്ഞു. മലബാറിന്റെ ഹൃദയ ധമനികളിൽ വേരോട്ടമുണ്ടായിരുന്ന ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിൽസയിൽ ആയിരുന്നു.

ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ അറിവും നിലപാടുകളും ധൈര്യവും എല്ലാത്തരം തീവ്രവാദങ്ങളോടുമുള്ള വീട്ടുവീഴ്‌ചയില്ലാത്ത പ്രതിരോധ സമീപനവും മറ്റുള്ള നേതാക്കളില്‍ നിന്നും ആര്യാടനെ എക്കാലവും വ്യത്യസ്‌തനക്കി മാറ്റിയിരുന്നു. മലബാറിനെ മതേതര ജനാധിപത്യ ചേരിയിൽ നിലനിർത്താൻ ഏറെ പരിശ്രമിച്ച നേതാവുമായിരുന്നു ഇദ്ദേഹം. എട്ടുതവണയാണ് ഇദ്ദേഹം നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും കോൺഗ്രസിന് വേണ്ടി നിമയസഭയിലെത്തിയത്.

ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്‌ട്രീയത്തിൽ പ്രവേശിച്ചത്. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി സംസ്‌ഥാന രാഷ്‌ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗം. 1969ൽ മലപ്പുറം ജില്ല രൂപീകൃതമായപ്പോൾ ഡിസിസി പ്രസിഡണ്ടായി. 1978മുതൽ കെപിസിസി സെക്രട്ടറിയായി.

1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മൽസരിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ കെ കുഞ്ഞാലിയോട് തോറ്റു. പിന്നീട്, 1969 ജൂലൈ 28ന് നിലമ്പൂരിലെ ഒരു എസ്‌റ്റേറ്റിൽ വെച്ച് കുഞ്ഞാലി വെടിയേറ്റ് മരിച്ചു. ആര്യാടൻ മുഹമ്മദായിരുന്നു കേസിലെ ഒന്നാം പ്രതി. എന്നാൽ ആര്യാടന് കേസിൽ പങ്കില്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടു.

അടിയന്തരാവസ്‌ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മൽസരിച്ച് തോറ്റു. എ ഗ്രൂപ്പ് ഇടതുപക്ഷത്ത് എത്തിയപ്പോള്‍ ആ വർഷം എംഎൽഎ ആകാതെ തന്നെ ഇടത് മുന്നണി മന്ത്രിസഭയിൽ മന്ത്രിയായി. വനം-തൊഴില്‍ വകുപ്പാണ് ലഭിച്ചത്. പിന്നീട്, 1987മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ജയിച്ചു. 1995, 2001ലും മന്ത്രിസഭയിൽ ഉള്‍പ്പെട്ടു. തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി.

ഭാര്യ പിവി മറിയുമ്മ. മലയാള ചലച്ചിത്ര തിരക്കഥാകൃത്തും, നിർമാതാവും, രാഷ്‌ട്രീയ നേതാവുമായ ആര്യാടൻ ഷൌക്കത്ത് മകനാണ്. മറ്റുമക്കൾ മക്കൾ: അൻസാർ ബീഗം, കദീജ, ഡോ. റിയാസ് അലി (പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്‌ഥി രോഗ വിദഗ്‌ധൻ). മരുമക്കൾ: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്‌ധൻ, മസ്ക്കറ്റ്), മുംതാസ് ബീഗം, ഡോ. ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ, ന്യൂറോളജിസ്‌റ്റ്), സിമി ജലാൽ.

Most Read: ഭരണകൂടത്തെ വെല്ലുവിളിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ഞെട്ടലോടെ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE