തിരുവനന്തപുരം: ഇൻഫർമേഷൻ- പബ്‌ളിക് റിലേഷൻസ് വകുപ്പിൽ അസിസ്‌റ്റന്റ് ഇൻഫർമേഷൻ തസ്‌തികയിലേക്ക് പിൻവാതിൽ നിയമനം നടത്താൻ ശ്രമമെന്ന് ആരോപണം. വകുപ്പിലെ തന്നെ മാദ്ധ്യമപ്രവർത്തന പരിചയം ഇല്ലാത്ത ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരെ കയറ്റാനുള്ള നീക്കം നടക്കുന്നുവെന്നാണ് പരാതി. പിഎസ്‌സി ലിസ്‌റ്റ് നിലനിൽക്കുമ്പോഴാണ് സീനിയോരിറ്റി മാത്രം പരിഗണിച്ച് ചിലരെ നിയമിക്കാൻ ശ്രമം നടക്കുന്നത്.
ബിരുദവും മാദ്ധ്യമരംഗത്തെ പൂർണ സമയ പ്രവർത്തന പരിചയവുമാണ് അസിസ്‌റ്റന്റ് ഇൻഫർമേഷൻ ഓഫിസറാവാൻ വേണ്ട അടിസ്‌ഥാന യോഗ്യത. തസ്‌തികയിലേക്ക് പിഎസ്‌സി പരീക്ഷ എഴുതി നിരവധി പേരാണ് കാത്തുനിൽക്കുന്നത്. പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പിൻവാതിൽ നീക്കം. പിആർഡിയിലെ പായ്‌ക്കർ, സ്വീപ്പർ, ഓഫിസ് അസിസ്‌റ്റന്റ് തസ്‌തികയിലുള്ള ബിരുദം യോഗ്യതയുള്ളവരെയാണ് സ്‌പെഷ്യൽ റൂളിൽ ഭേദഗതി വരുത്തി തസ്‌തിക മാറ്റം വഴി അസിസ്‌റ്റന്റ് ഇൻഫർമേഷൻ ഓഫിസറായി നിയമിക്കാൻ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നതെന്നാണ് പരാതി.
2019 മാർച്ചിൽ അന്നത്തെ പിആർഡി ഡയറക്‌ടർ ആയിരുന്ന ടിവി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇത് സംബന്ധിച്ച ശുപാർശ നൽകിയിരിക്കുന്നത്. തസ്‌തികമാറ്റം വഴി നിയമനത്തിനായി ശ്രമിക്കുന്ന വകുപ്പിലെ പായ്‌ക്കറായി ജോലി നോക്കി വരുന്ന ജീവനക്കാരിയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗ്യതയില്ലാത്ത വകുപ്പിലെ ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാർ വ്യാജമായി മാദ്ധ്യമ പ്രവർത്തന പരിചയ സർട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
അതേസമയം, നിയമനം സംബന്ധിച്ച ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്ന് പിആർഡി ഡയറക്‌ടർ എസ് ഹരികിഷോർ പ്രതികരിച്ചു.
Also Read: മന്ത്രിയെ വെട്ടിലാക്കിയ വിവാദമറുപടി; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി