തിരുവനന്തപുരം : യൂട്യൂബിലൂടെ സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയ വിവാദ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത കേസില്‍ ഭാഗ്യലക്ഷ്‍മി അടക്കം മൂന്ന് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഭാഗ്യലക്ഷ്‍മി, ദിയ സന, ശ്രീലക്ഷ്‍മി അറക്കല്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ വിജയ് പി നായരുടെ താമസസ്‌ഥലത്തു അതിക്രമിച്ചു കയറി ആക്രമിച്ചിട്ടില്ലന്നും, പ്രശ്‌നം പറഞ്ഞു തീര്‍ക്കുമ്പോള്‍ വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നു എന്നുമാണ് ഹരജിയില്‍ ഭാഗ്യലക്ഷ്‍മി ഉൾപ്പടെ ഉള്ളവർ വ്യക്‌തമാക്കുന്നത്.
വിജയ് പി നായരുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസില്‍ തിരികെ ഏല്‍പ്പിച്ചതിനാല്‍ മോഷണക്കുറ്റം നിലനില്‍ക്കില്ല എന്ന വാദം പ്രതികള്‍ കോടതിയില്‍ ഉന്നയിക്കും. എന്നാല്‍ വീഡിയോ സഹിതം തെളിവ് ഉള്ളതിനാല്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പോലീസ് തങ്ങളുടെ നിലപാട് കോടതിയില്‍ കടുപ്പിക്കും. ഒപ്പം തന്നെ കേസില്‍ സര്‍ക്കാരിന്റെ നിലപാടും ഇന്ന് കോടതിയില്‍ വ്യക്‌തമാക്കും.
തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്. സംസ്‌കാരമില്ലാത്ത പ്രവര്‍ത്തിയാണ് സ്‌ത്രീകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് പ്രേരണയാകുമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സെഷന്‍ കോടതി പറഞ്ഞിരുന്നു.
കൂടുതൽ അറിയാൻ : ഭാഗ്യലക്ഷ്‍മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും