ഭാഗ്യലക്ഷ്‍മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും

By Desk Reporter, Malabar News
BAGYALAKSHMI-SREELAKSHMI_DIYASANA_Malabar News
ഭാഗ്യലക്ഷ്‌മി, ശ്രീലക്ഷ്‌മി അറക്കൽ, ദിയ സന
Ajwa Travels

കൊച്ചി: ‘ആഭാസ യൂട്യൂബർ’ വിജയ് പി നായർക്കെതിരെ നിയമം കയ്യിലെടുത്ത് നടത്തിയ ആക്രമത്തിലെ പ്രതികളായ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ട്രാൻസ്‌ജെൻഡർ ഡിസ്ട്രിക്റ്റ് ജസ്‌റ്റിസ്‌ കമ്മിറ്റി അംഗം ദിയ സന, ഫിസിക്‌സ് ടീച്ചർ ശ്രീലക്ഷ്‌മി അറക്കൽ എന്നിവരുടെ ജാമ്യാപേക്ഷ നാളെ  ഹൈക്കോടതി പരിഗണിക്കും. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടുകയും ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കുന്നത് ഒക്‌ടോബർ 23ലേക്ക് മാറ്റുകയുമായിരുന്നു. വിഷയത്തിൽ സർക്കാർ സാവകാശം ആവശ്യപ്പെടില്ലെന്നും സർക്കാരിന്റെ വിശദീകരണം നാളെത്തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

സംസ്‌കാരമില്ലാത്ത പ്രവർത്തിയാണ് സ്‌ത്രീകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നിയമം കയ്യിലെടുക്കാൻ ആരേയും അനുവദിക്കില്ലെന്നും ജാമ്യം നൽകിയാൽ അത് സമൂഹത്തിന് പ്രേരണയാകുമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സെഷൻസ് കോടതി പറഞ്ഞിരുന്നു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്‌തമായി എതിർക്കുകയും ചെയ്‌തിരുന്നു. എന്നാലിത് ചില വിലപേശലുകൾക്ക് വേണ്ടിയുള്ള തന്ത്രമാണെന്നും ഹൈക്കോടതിയിൽ സർക്കാർ സമീപനം മാറ്റുമെന്നും രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

ഇതിനിടയിൽ കഴിഞ്ഞ ദിവസം, ഭാഗ്യലക്ഷ്‌മിക്കും കൂട്ടർക്കുമെതിരെ പൊലീസ്, വിജയ് പി നായരുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ചാർജ് ചെയ്‌ത IPC 392,452 എന്നീ ജാമ്യമില്ലാ വകുപ്പുകൾ മാറ്റാനും, അറസ്‌റ്റ് ഒഴിവാക്കാനും ആവശ്യപ്പെട്ട് മഞ്‍ജു വാര്യർ ഉൾപ്പടെയുള്ള പ്രമുഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കത്തിൽ, നടി ഭാവന, മഞ്‍ജു വാര്യർ, രൺജി പണിക്കർ, കമൽ, അടക്കമുള്ളവരാണ് ഒപ്പു വെച്ചിട്ടുള്ളത്. ഇവരോടുള്ള അനുഭാവം പ്രതിഫലിക്കുന്ന വിശദീകരണമാകും സർക്കാർ നാളെ കോടതിയിൽ സമർപ്പിക്കുക.

തിരുവനന്തപുരത്തെ തമ്പാനൂര്‍ പോലീസ് റജിസ്‌റ്റർ ചെയ്‌ത കേസിനെ തുടര്‍ന്നാണ് വിഷയം കോടതിയിൽ എത്തിയത്. കേസെടുത്ത വിവരമറിഞ്ഞ ഭാഗ്യലക്ഷ്‍മി അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്, ഇതിന്റെ പേരിൽ അറസ്‌റ്റ് ചെയ്യുകയാണെങ്കില്‍, കേരളത്തിലെ മുഴുവന്‍ സ്‌ത്രീകൾക്കും വേണ്ടി അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്നായിരുന്നു. കയ്യേറ്റ കേസിനാസ്‌പദമായ വീഡിയോ

“വിജയ് പി നായരുടെ വീഡിയോ കഴിഞ്ഞ കുറേ നാളുകളായി ആളുകള്‍ കണ്ടുവരുന്നു. ആര്‍ക്കും ഇതിനെതിരെ പ്രതികരിക്കാന്‍ തോന്നിയില്ല. പോലീസുകാര്‍ പോലും അയാള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കിയില്ല. ഞങ്ങള്‍ അവിടെ ചെന്ന് ചോദ്യം ചെയ്‌തപ്പോള്‍ അത് ഒരു കുറ്റമായെങ്കില്‍ നിയമപരമായി നേരിടാന്‍ തയ്യാറാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്‌റ്റ് ചെയ്‌ത്‌ ജയിലില്‍ കൊണ്ടുപോയാൽ ഞാന്‍ തലയില്‍ മുണ്ടിട്ട് പേകേണ്ട ഒരു കാര്യവുമില്ല. നല്ല അന്തസ്സായിട്ട് തന്നെ പോകും. കേരളത്തിലെ സ്‌ത്രീകള്‍ക്ക് വേണ്ടിയാണ് വീഡിയോക്കെതിരെ പ്രതികരിച്ചത്. ഒരു രക്‌തസാക്ഷിയാകാന്‍ എനിക്ക് മടിയില്ല.” എന്നാണ് കേസെടുത്ത സമയത്ത് ഇവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാൽ, പിന്നീട് ഇവരും കൂട്ടുപ്രതികളും ഒളിവിൽ പോയി. കോടതി, കേസിലെ അന്വേഷണ പുരോഗതി ആരാഞ്ഞപ്പോഴാണ് ഭാഗ്യലക്ഷ്‌മിയും കൂട്ട് പ്രതികളും ഒളിവിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അതേസമയം. ഭാഗ്യലക്ഷ്‌മിയുടെ പരാതിയില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്ന വിജയ് പി നായർക്ക് തിരുവനന്തപുരം സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്‌തു.

National News: അനുമതിയില്ലാതെ അന്വേഷണം വേണ്ട; സിബിഐയെ വിലക്കി മഹാരാഷ്‌ട്രാ സർക്കാർ

ഈ കേസിലെ കൂട്ടു പ്രതിയായ ശ്രീലക്ഷ്‌മി അറക്കലിനെതിരെ മറ്റൊരു കേസിൽ അന്വേഷണം തുടരുന്നുണ്ട്. വിജയ് പി നായരെ താമസ സ്‌ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നൽകുകയും ചെയ്‌ത 3 പേരിൽ ഒരാളായ ശ്രീലക്ഷ്‌മി അറക്കലിനെതിരെയാണ് സൈബർ പൊലീസ് അന്വേഷണം നടത്തുന്നത്. ശ്രീലക്ഷ്‌മി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്‌കാരത്തിന് ചേരാത്ത അശ്‌ളീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫേസ്ബുക് കൂട്ടായ്‌മയായ ‘മെൻസ് റൈറ്റ്സ് അസോസിയേഷൻ‘ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം നടക്കുന്നത്.

തിരുവനന്തപുരം വെള്ളായണി സ്വദേശിയും അവിവാഹിതനുമായ വിജയ് പി നായർ മനഃശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റുള്ള ആളാണെന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച യൂട്യൂബ് ചാനൽ വഴി സ്‌ത്രീകൾക്കും ഫെമിനിസ്‌റ്റുകൾക്കും നേരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും അശ്‌ളീല പരാമർശങ്ങൾ നടത്തിവരികയും ചെയ്‌തിരുന്നു. ഡോക്‌ടറേറ്റ് ലഭിച്ചെന്നു പറയുന്ന തമിഴ്‌നാട്ടിലെ സർവകലാശാല യുജിസി അംഗീകാരം ഇല്ലാത്തതാണെന്ന് പിന്നീട് പോലീസ് വ്യക്‌തമാക്കിയിരുന്നു.

പലരുടെയും പേരുകൾ പറയാതെ, എന്നാൽ വ്യക്‌തികളെ തിരിച്ചറിയാൻ സാധിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ യൂട്യൂബ് അവതരണം. ഇത്തരത്തിൽ ഇയാൾ നടത്തി വന്നിരുന്ന ചാനലിലൂടെ കയ്യേറ്റക്കേസിൽ പ്രതിയായ ഭാഗ്യലക്ഷ്‌മിക്ക് നേരെയും അസഭ്യവർഷം നടത്തിയതായി ഭാഗ്യലക്ഷ്‌മിയും കൂട്ടരും പറയുന്നു.

ഈ വിഷയത്തിൽ ഭാഗ്യലക്ഷ്‌മി പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിലെ നടപടികളിൽ മെല്ലെപ്പോക്ക് സംഭവിച്ചപ്പോൾ ഭാഗ്യലക്ഷ്‌മി തന്റെ കൂട്ടുകാരികളുമായി ഇയാളുടെ താമസസ്‌ഥലത്തെത്തി ഇയാളെ കയ്യേറ്റം ചെയ്യുകയും മാപ്പുപറയിപ്പിക്കുകയും ചെയ്‌തു. കൂടാതെ, ഇയാളുടെ കംപ്യൂട്ടറും മൊബൈലും ഉൾപ്പടെയുള്ള വസ്‌തുക്കൾ പിടിച്ചെടുത്ത് പോലീസിൽ ഏൽപ്പിക്കുകയും ചെയ്‌തിരുന്നു. വിഷയത്തിലെ കൂടുതൽ വായനക്ക് ഈ ലിങ്ക് സഹായിക്കും.

പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് വിജയ് പി നായര്‍ പോസ്‌റ്റ്‌ ചെയ്‌ത അശ്ളീല വീഡിയോകളും ഇയാളുടെ യൂട്യൂബ് ചാനലും പിന്നീട് അധികൃതർ നീക്കം ചെയ്‌തിരുന്നു.

Covid Vaccine Update: കോവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയിൽ; ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE