തിരുവനന്തപുരം: ബാർകോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ആഭ്യന്തര വകുപ്പിന്റെ അപേക്ഷയിൽ സ്‌പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. വിഷയത്തിൽ വിജിലൻസ് ഡയറക്‌ടറുമായി ആലോചിച്ച ശേഷമാകും സ്‌പീക്കർ നിലപാടെടുക്കുക.
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് ചെന്നിത്തലക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ബാർ ലൈസൻസ് ഫീസ് കുറക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തലക്കും മുൻ എക്‌സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യ മന്ത്രി വിഎസ് ശിവകുമാർ എന്നിവർക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ചെന്നിത്തല അഭ്യര്‍ഥിച്ചത് മൂലമാണ് തുടക്കസമയത്ത് അദ്ദേഹത്തിനെതിരെ മൊഴി നല്‍കാതിരുന്നതെന്നും ബിജു വാദിച്ചിരുന്നു.
Also Read: ബുറേവി ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്ര ജല കമ്മീഷന്‍
ബിജു രമേശിന്റെ വെളിപ്പെടുത്തൽ വിവാദമായതോടെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ചെന്നിത്തലക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോർട്ടാണ് വിജിലൻസ് സർക്കാരിന് കൈമാറിയത്. പ്രതിപക്ഷ നേതാവിനും മുൻ മന്ത്രിമാർക്കും എതിരായ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുവാദം നൽകിയിരുന്നു. എന്നാൽ ഇത് കൂടാതെ ഗവർണറുടെയും സ്‌പീക്കറുടെയും അനുവാദം കൂടി വേണം.
കേസിനാസ്‌പദമായ പണം കൈമാറിയ സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയല്ലാത്തതിനാല്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. അതിനാൽ വിഷയത്തിൽ സ്‌പീക്കറുടെ തീരുമാനം നിർണായകമാകും.