തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷന്‍. തെക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഡാമുകളിലും, റിസര്‍വോയറുകളിലും ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ റിസര്‍വോയര്‍, കൊല്ലം ജില്ലയിലെ കല്ലട റിസര്‍വോയര്‍, പത്തനംതിട്ട ജില്ലയിലെ കക്കി ഡാം എന്നിവിടങ്ങളിലാണ് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കനത്ത മഴ തുടര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് ഇടയാക്കുമെന്നും, ഇതൊഴിവാക്കാന്‍ ഇവിടങ്ങളിലെ ജലനിരപ്പ് കുറക്കണമെന്നും ജല കമ്മീഷന്‍ വ്യക്‌തമാക്കി.
കൂടാതെ നിലവില്‍ സംസ്‌ഥാനത്ത് തീര്‍ഥാടനകാലം ആയതിനാല്‍ തന്നെ പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നിവിടങ്ങളിലും കൂടുതല്‍ ജാഗ്രത ഉണ്ടായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ചുഴലിക്കാറ്റ് വ്യാഴാഴ്‌ചയോടെ കന്യാകുമാരിയില്‍ തീരം തൊടുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ചുഴലിക്കാറ്റിന്റെ പ്രഭാവം കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read also : പാർട്ടിവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം; പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി