ബാർകോഴ കേസ്; ഗൂഢാലോചനക്ക് പിന്നിൽ രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസ്

By News Desk, Malabar News
Congress about ramesh chennithala
Ramesh Chennithala
Ajwa Travels

കോട്ടയം: മുൻ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രവർത്തിച്ചത് രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ചെന്നിത്തലയുടെ പങ്ക് കണ്ടെത്തിയത്. കെ.എം മാണിയെ കേസിൽ കുടുക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അടൂർ പ്രകാശും ജോസഫ് വാഴക്കനുമുൾപ്പടെയുള്ള ഐ ഗ്രൂപ്പ് നേതാക്കളും ഗൂഡാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്‌തമാണ്‌. ആര്‍.ബാലകൃഷ്‌ണ പിള്ളയും പി.സി ജോർജും വിവിധ ഘട്ടങ്ങളിലായി ഗൂഡാലോചനയിൽ പങ്കാളികളായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അറിവോട് കൂടിയാണ് ഇക്കാര്യങ്ങൾ നടന്നതെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

ഇടതു മുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കെ.എം മാണിയെ ചില കോൺഗ്രസ് നേതാക്കൾ പിന്നിൽ നിന്ന് കുത്തിയെന്ന് ജോസ് കെ മാണി പലതവണ ആവർത്തിച്ചിരുന്നു. ആരൊക്കെയാണെന്ന് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയാറായില്ല. ബാർകോഴ കേസിൽ കോൺഗ്രസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും കണ്ടെത്തിയത് എന്താണെന്ന് പാർട്ടി പുറത്തുവിട്ടിരുന്നില്ല. കെ.എം മാണിയടക്കമുള്ള കോൺഗ്രസ് നേതൃത്വം ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കാനും തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രഹസ്യ അന്വേഷണ റിപ്പോര്‍ട്ടിൽ കേസിന് പിന്നിൽ പ്രവർത്തിച്ചവരെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 2014-ല്‍ കെ.എം.മാണി സി.എഫ്.തോമസിനെ ചെയര്‍മാനാക്കിക്കൊണ്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ എല്ലാ കണ്ടെത്തലുകളും ഐ ഗ്രൂപ്പിനെതിരെയുള്ളതാണ്. കെ.എം.മാണിയേയും കേരള കോണ്‍ഗ്രസിനേയും ഇല്ലായ്‌മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനക്ക് പിന്നിലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോർജ് , ബാലകൃഷ്‌ണ പിളള തുടങ്ങിയവർ നേതൃത്വം നൽകി. ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് തുടങ്ങിയവർ പലഘട്ടങ്ങളിൽ പങ്കാളികളായെന്നും റിപ്പോർട്ടിൽ വ്യക്‌തമാണ്‌.

ഉമ്മൻ ചാണ്ടിക്ക് പകരം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാർകോഴ ആരോപണത്തിന് പിന്നിൽ ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതേ ആവശ്യവുമായി ചെന്നിത്തല മാണിയെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

Kerala News: നെല്‍വയല്‍ ഉടമകള്‍ക്ക് നവംബര്‍ മുതല്‍ റോയല്‍റ്റി; ഇനിയും അപേക്ഷ നല്‍കാം

സി.എഫ് തോമസ് എംഎൽഎ അധ്യക്ഷനായിരുന്ന അന്വേഷണ കമ്മീഷന്റെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണങ്ങൾ ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയത്. ഇതിന്റെ റിപ്പോർട്ടുകൾ പിന്നീട് സി.എഫ് തോമസിന് കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ഒപ്പ് രേഖപ്പെടുത്തിയ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ജോസ് കെ മാണിയുടെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ബാർകോഴ കേസ് സജീവ ചർച്ചാ വിഷയമായത്. ഈ സാഹചര്യത്തിലാണ് 2016 മാർച്ച് 31 ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.

Also Read: ജോസിന് അധിക കാലം ഇടതുമുന്നണിയിൽ തുടരാനാവില്ല; എം.എം ഹസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE