ബെയ്‌റൂട്ട് സ്ഫോടനം: ലബനൻ ഭരണപതനം പൂർത്തിയായി 

By Desk Reporter, Malabar News
Lebanon_2020 Aug 13
Ajwa Travels
ബെയ്‌റൂട്ട് : ഒടുവിൽ പതനം ! ഒരാഴ്ച്ച നീണ്ടുനിന്ന ജനരോഷത്തിനൊടുവിൽ ലബനൻ സർക്കാർ രാജിവെച്ചു. കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനനഗരമായ ബെയ്‌റൂട്ടിലുണ്ടായ അത്യുഗ്രൻ സ്ഫോടനമാണ് സർക്കാരിന്റെ രാജിയ്ക്ക് കാരണമായത്. 200ഓളം പേരുടെ ജീവനെടുത്ത സ്ഫോടനത്തിനുശേഷം ആയിരങ്ങളാണ് ലബനൻ സർക്കാരിന്റെ നിഷ്ക്രിയത്വവും അഴിമതിയും ചൂണ്ടിക്കാണിച്ച് തെരുവിലിറങ്ങിയത്. ഒരു സർക്കാരിനെ മുഴുവൻ അധികാരത്തിൽ നിന്ന് വലിച്ചിറക്കാൻ പോന്ന കരുത്ത് ആ ജനതയ്ക്കുണ്ടായിരുന്നുവെന്നത് നിശ്ചയം.  പോലീസിന്റെ കണ്ണീർവാതകപ്രയോഗങ്ങൾക്കും അടിച്ചമർത്തലുകൾക്കും അടിയറവ് പറയാതെ അവർ രാവും പകലും ഭരണകൂടത്തിനെ ചോദ്യം ചെയ്തു. ഒടുവിൽ തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ഹസ്സൻ ദയാബ് സർക്കാരിന്റെ രാജി ലോകത്തെ അറിയിച്ചു.
പൊതുജനത്തിന്റെ വികാരമുൾക്കൊള്ളുന്നുവെന്നും അവർക്കൊപ്പം നിലകൊള്ളാൻ ആഗ്രഹിക്കുന്നുവെന്നും ദയാബ് പറഞ്ഞു.  രാജ്യത്തെ സംരക്ഷിക്കുന്നതിനായി ഒരുപാട് ദൂരം സഞ്ചരിച്ചുവെന്നും എന്നാൽ രാജ്യത്തെക്കാൾ ബൃഹത്തായിരുന്നു രാജ്യത്തിൽ കൊടികുത്തിവാണിരുന്ന അഴിമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 4ന് നടന്ന സ്ഫോടനത്തിൽ 200ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റഷ്യൻ ഉടമസ്ഥതയിലുള്ള കപ്പലിൽ  അശാസ്ത്രീയമായ്  സൂക്ഷിച്ചുവന്നിരുന്ന 2750ടൺ വരുന്ന അമോണിയം നൈട്രേറ്റിന്റെ വൻശേഖരമാണ് ബെയ്‌റൂട്ടിലെ സ്ഫോടനത്തിനു പിന്നിലെന്നാണ് നിഗമനം.  സ്‌ഫോടനത്തിൽ 110ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഗവർണർ മർവാൻ അബൗദ് അറിയിച്ചതായി അൽ മർസാദ് ഓൺലൈൻ ന്യൂസ്‌ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. കാണാതായവരിൽ വിദേശതൊഴിലാളികളും ലോറി ഡ്രൈവർമാരും ഉൾപ്പെടുന്നുവെന്നും ഗവർണർ പറഞ്ഞു. സ്ഫോടനത്തിൽ 2,00,000ത്തോളം പേർക്ക് പൂർണമായോ ഭാഗികമായോ വീടുകൾ നഷ്ടമായി.നാശനഷ്ടകണക്കുകൾ 3 ബില്യൺ ഡോളറിനെക്കാളേറെയാണെന്നാണ് ഔദ്യോഗികരേഖകൾ സൂചിപ്പിക്കുന്നത്.  സ്ഫോടനം മൂലമുണ്ടായ പ്രത്യാഘാതങ്ങൾ വിലയിരുത്തുമ്പോൾ ഏകദേശം 15 ബില്യൺ ഡോളർ വരുമെന്നും കണക്കുകൾ പറയുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയ്കൊണ്ടിരിക്കുന്ന രാജ്യത്തിനേറ്റ കടുത്ത ആഘാതമായിരിക്കും ബെയ്‌റൂട്ട് സ്ഫോടനമെന്ന് പറയാതെ വയ്യ.
മാസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനുശേഷം കഴിഞ്ഞ ജനുവരിയിലാണ് ദയാബ്, ലബനൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നത്. അതുകൊണ്ട് തന്നെ പുതിയൊരാളെ ആ സ്ഥാനത്തേക്ക് കണ്ടെത്തുകയെന്നത് രാജ്യത്തിന്റെ സങ്കീർണമായ രാഷ്ട്രീയാന്തരീക്ഷങ്ങളെ വച്ചുനോക്കുമ്പോൾ വിഷമമേറിയ കടമ്പയായിരിക്കും. ലബനൻ അധികാരത്തിന്റെ നിരവധി പങ്കുകൾ വിവിധ  മതനേതാക്കളുടെ കൈകളിലൂടെയാണെന്നതാണ് ഇതിനൊരു കാരണം. 1975 മുതൽ 1990 വരെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനുശേഷം പിറവിയെടുത്ത മതനേതാക്കൾ ലബനൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കയും ഇപ്പോഴും രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികരംഗങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. ഭരണതലത്തിൽ ഇവർ ചെലുത്തുന്ന സ്വാധീനം ചെറുതല്ലായെന്നതും മറ്റൊരു കാരണമാണ്.
വർഷങ്ങളായ് രാഷ്ട്രീയ അതൃപ്തി തളം കെട്ടിനിൽക്കുന്ന രാജ്യമാണ് ലബനൻ.  2019ന്റെ അവസാനത്തിൽ അന്നത്തെ സർക്കാരിനെ അഴിമതി ആരോപിച്ച് അധികാരത്തിൽ നിന്നും വലിച്ചിട്ട ചരിത്രമുണ്ട് ലബനൻ ജനതയ്ക്ക്. വാട്സാപ്പ് കോളുകൾക്ക് നികുതി ഏർപ്പെടുത്തിയതാണ് ജനത്തെ, അന്നത്തെ സർക്കാരിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്‌.
ഇപ്പോഴത്തെ ലബനന്റെ അവസ്ഥയും വ്യത്യസ്തമല്ല.
ലോകം മുഴുവൻ കീഴടക്കിയ കോവിഡ് 19 ലബനനെയും കീഴടക്കിയിരിക്കുകയാണ്. ഭീകരമായ സാമ്പത്തിക അരക്ഷിതാവസ്ഥയും കൊറോണയും ജനങ്ങളെ നിസ്സഹായതയിലേക്ക് തള്ളിവിടുന്നതിനിടെയിലാണ് സ്ഫോടനമെന്നതും സാധാരണ ജനത്തെ ചൊടിപ്പിച്ചു. സർക്കാരിന്റെ പിടിപ്പുകേടും അഴിമതിയുമാണ് സ്ഫോടനത്തിനു കാരണമായതെന്നാണ് ഭൂരിപക്ഷമാളുകൾ വിലയിരുത്തുന്നത്. രാജ്യത്തെ ആളുകളെ മുഴുവൻ സർക്കാരിനെതിരെ തെരുവിലിറക്കാൻ ഇത്രയും കാരണങ്ങൾ തന്നെ ധാരാളമായിരുന്നു.
എന്നാൽ സർക്കാരിന്റെ രാജി ജനരോഷം കുറയ്ക്കുമെന്ന വിശ്വാസം ആർക്കുമില്ല.  2019ൽ  അഴിമതിക്കെതിരെ നടന്ന ജനകീയസമരങ്ങളാണ് അന്നത്തെ സർക്കാരിനെ താഴെയിറക്കിയതും മാസങ്ങൾക്ക് ശേഷം ദയാബിന്റെ നേതൃത്വത്തിൽ പുതിയ സർക്കാരിന് രൂപം നൽകാൻ കാരണമായതും. എന്നാൽ അധികം വൈകാതെതന്നെ അതേ അഴിമതി ആരോപണങ്ങൾ മൂലം ദയാബ് സർക്കാരും പടിയിറങ്ങുകയാണ്. ലബനൻ രാഷ്ട്രീയത്തിന്റെ ഭാവി ഇനിയെന്താണെന്ന് നോക്കിയിരുന്ന് കാണേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE