തിരുവനന്തപുരം: കേരള ബാങ്ക് എടിഎമ്മുകളിൽ നടന്നത് വൻ കൊള്ളയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്‌തം. ഒൻപത് എടിഎമ്മുകളിൽ നിന്ന് പണം കവർന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
തിരുവനന്തപുരത്ത് നിന്നടക്കം മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.64 ലക്ഷം രൂപ കവർന്നു എന്നായിരുന്നു കേരള ബാങ്ക് സൈബർ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്ന് കാസർഗോഡ് സ്വദേശികളെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിവിദഗ്‌ധമായ കൊള്ളയാണ് നടന്നതെന്ന് വ്യക്‌തമായത്.
കൂടുതൽ അന്വേഷണം നടക്കുന്നതിനിടെ ഓരോ ഘട്ടത്തിലും കവർച്ചയുടെ വ്യാപ്‌തി വർധിക്കുകയാണ്. മൂന്ന് എടിഎമ്മുകളിൽ കവർച്ച നടത്തി എന്നതാണ് ഇപ്പോൾ ഒൻപത് എടിഎമ്മുകൾ ആയിരിക്കുന്നത്. 6 ലക്ഷത്തോളം രൂപ പ്രതികൾ കവർന്നെന്ന് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഈ തുക ഇനിയും കൂടിയേക്കാമെന്ന് പോലീസ് പറയുന്നു.
കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ഇവർക്ക് കവർച്ച നടത്താനുള്ള സാങ്കേതിക വിദ്യയും കാർഡുകളും നൽകിയത് ഡെൽഹി സ്വദേശിയായ രാഹുൽ എന്നയാളാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് നടത്തിവരികയാണ്.
Also Read: കരുത്തറിയിക്കാൻ കർഷക വനിതകൾ; സ്വാതന്ത്ര്യദിനത്തിൽ ട്രാക്‌ടർ പരേഡ്