ഡർഹാം: ഇംഗ്ളണ്ട് പര്യടന ടീമിലെ മൂന്ന് താരങ്ങളെ പുറത്താക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ബയോ ബബിൾ ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി. താരങ്ങൾ ഹോട്ടലിനു പുറത്ത് സമയം ചെലവഴിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങളെ പുറത്താക്കിയാതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.
ശ്രീലങ്കൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കുശാൽ മെൻഡിസ്, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ നിരോഷൻ ഡിക്വെല്ല, ഓപ്പണിങ് ബാറ്റ്സ്‌മാൻ ധനുഷ്‌ക ഗുണതിലക എന്നിവരെയാണ് പുറത്താക്കിയത്. ഹോട്ടലിൽ അല്ലാതെ മറ്റൊരിടത്ത് താരങ്ങൾ ഇരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
ഇംഗ്ളണ്ടിനെതിരായ ടി20 പരമ്പരയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ ഏകദിന പരമ്പരക്കായുളള തയാറെടുപ്പിലാണ് ലങ്കൻ ടീം. നാളെ ഡർഹാമിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. ഡർഹാമിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുതലായതിനാൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
Read also: ഐപിഎല്ലിന് പിന്നാലെ ട്വന്റി-20യും യുഎഇയിലേക്ക്; ഒക്‌ടോബറിൽ തുടക്കമാകും