മുംബൈ: ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ലോകകപ്പിനും വേദിയാകാനൊരുങ്ങി യുഎഇ. ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റാൻ തയ്യാറാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. തീരുമാനം ഉടൻ ഐസിസിയെ അറിയിക്കും.
നിലവിൽ ഒക്‌ടോബർ 17ന് ട്വന്റി-20 ആരംഭിക്കാനാണ് പദ്ധതി. 16 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് യുഎഇയിലും ഒമാനിലും മൽസരം നടത്താനും ആലോചിക്കുന്നുണ്ട്. ഒക്‌ടോബർ 15ന് നടക്കാനിരിക്കുന്ന ഐപിഎൽ ഫൈനലിന് ശേഷമാകും ടൂർണമെന്റ് ആരംഭിക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്. കോവിഡ് മൂലം നിർത്തിവെച്ച ഐപിഎല്ലിന്റെ ബാക്കി മൽസരങ്ങൾ സെപ്‌റ്റംബർ 19 മുതൽ യുഎഇയിൽ നടക്കും.
ട്വന്റി-20 ടൂർണമെന്റിന്റെ തീയ്യതി ഉൾപ്പടെയുള്ള കാര്യങ്ങൾ ഐസിസി പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു. ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് നാലാഴ്‌ചയ്‌ക്കുള്ളിൽ നിലപാട് വ്യക്‌തമാക്കണമെന്ന് ഐസിസി അറിയിച്ചതിനെ തുടർന്നാണ് ബിസിസിഐയുടെ തീരുമാനം.
Also Read: ട്വിറ്റർ ഭൂപടത്തിൽ ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യം; കടുത്ത നടപടിക്ക് കേന്ദ്രം