ന്യൂഡെൽഹി: പുതിയ ഐടി നിയമത്തിൽ കേന്ദ്ര സർക്കാരുമായി കൊമ്പുകോർത്തു നിൽക്കുന്ന ട്വിറ്റർ വീണ്ടും വിവാദത്തിൽ. ട്വിറ്റർ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇന്ത്യയുടെ ഭൂപടത്തിൽ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കശ്‌മീരും ലഡാക്കും പ്രത്യേക രാജ്യങ്ങളായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ട്വിറ്ററിന്റെ ‘ട്വീപ് ലൈഫ്’ വിഭാഗത്തില്‍ ദൃശ്യമാകുന്ന ഭൂപടത്തിൽ ജമ്മു കശ്‌മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിക്കുന്നത്. രാജ്യത്തിന്റെ വികലമായ മാപ്പ് നല്‍കിയതില്‍ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ട്വിറ്ററിന്റെ പ്രവർത്തിയിൽ കേന്ദ്രം കടുത്ത നടപടികള്‍ ആലോചിച്ച് വരികയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്.
നിലവിൽ, പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കുന്നതിലെ തര്‍ക്കം ഉൾപ്പടെ നിരവധി വിഷയങ്ങളില്‍ ട്വിറ്ററുമായി ഇടഞ്ഞു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ട്വിറ്ററിന്റെ ഈ നടപടി കൂടുതൽ കടുത്ത തീരുമാനങ്ങൾ എടുക്കാൻ ഇടയാക്കിയേക്കും. ഉപയോക്‌താക്കളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് പുതിയ ഡിജിറ്റല്‍ നിയമമെന്നു ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ ഇതിനെ എതിര്‍ക്കുന്നത്. നിയമം നടപ്പാക്കാത്തതിനാല്‍ ട്വിറ്ററിനു നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
അതേസമയം, കേന്ദ്രസർക്കാരിന്റെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റർ ഇന്ത്യയിൽ നിയമിച്ച പരാതി പരിഹാര ഓഫിസർ ധര്‍മേന്ദ്ര ചതുര്‍ രാജിവെച്ചതിന് പിന്നാലെ തൽസ്‌ഥാനത്തേക്ക് വിദേശിയെ നിയമിച്ചതും വിവാദമായിട്ടുണ്ട്.
ഓഫിസര്‍ ഇന്ത്യയില്‍നിന്നുള്ള ആളാകണമെന്നാണു പുതിയ ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാൽ, അമേരിക്കക്കാരനായ ജെറെമി കെസ്സലിനെയാണ് ട്വിറ്റര്‍ ഇന്ത്യയുടെ പുതിയ പരാതി പരിഹാര ഓഫിസറായി നിയമിച്ചത്.
Most Read: ത്രിപുരയിൽ സിപിഎം-ബിജെപി സംഘർഷം; നിരവധി പേർക്ക് പരിക്ക്