തൃപ്പൂണിത്തുറ: ബിജെപി വോട്ടുകൾ ലഭിച്ചത് കെ ബാബുവിന് തന്നെ; കെഎസ് രാധാകൃഷ്‌ണന്‍

By Syndicated , Malabar News
ks radhakrishnan

തൃപ്പൂണിത്തുറ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ കെ ബാബുവിന് ലഭിച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്ന് ബിജെപി സ്‌ഥാനാർഥി കെഎസ് രാധാകൃഷ്‌ണന്‍. തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന എം സ്വരാജിന്റെ തോല്‍വിക്ക് പിന്നില്‍ വോട്ടു കച്ചവടമാണെന്ന എല്‍ഡിഎഫിന്റെ ആരോപണങ്ങളെ അംഗീകരിച്ചു കൊണ്ടാണ് കെഎസ് രാധാകൃഷ്‌ണന്റെ പ്രസ്‌താവന. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘തൃപ്പൂണിത്തുറയില്‍ ഞാന്‍ മൽസരിക്കാന്‍ ചെല്ലുമ്പോള്‍ തന്നെ യുഡിഎഫ് സ്‌ഥാനാർഥി പരസ്യമായി പ്രസ്‌താവനയിറക്കിയത് നിങ്ങളെല്ലാവരും കേട്ടതാണ്. ഇപ്രാവശ്യം ബിജെപിയുടെയും ആര്‍എസ്എസിന്റെയും വോട്ടുകള്‍ ശബരിമലയുടെ പേരില്‍ തനിക്ക് കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ അതിനെ നിഷേധിച്ചു. അങ്ങനെ സംഭവിക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വോട്ട് കുറഞ്ഞു. ഇപ്പോള്‍ എനിക്ക് കിട്ടിയ വോട്ട് ഞാന്‍ തെണ്ടിപ്പെറുക്കി ഉണ്ടാക്കിയതാണ്,’ കെഎസ് രാധാകൃഷ്‌ണന്‍ പറഞ്ഞു.

ബിജെപിക്ക് തൃപ്പൂണിത്തുറ നഗരസഭയില്‍ മാത്രം 19,000ത്തിലേറെ വോട്ടുള്ളതാണ്. ഉദയംപേരൂര്‍, കുമ്പളം, മരട്, ഇടക്കൊച്ചി മുതല്‍ പള്ളുരുത്തി വരെയുള്ള ഭാഗങ്ങള്‍ ഇതെല്ലാം ചേരുമ്പോള്‍ ബിജെപിയുടെ വോട്ട് സ്വാഭാവികമായും 35,000 ആവേണ്ടതാണ്. എന്നാല്‍ ആ വോട്ട് ലഭിച്ചത് കെ ബാബുവിനാണെന്നും രാധാകൃഷ്‌ണന്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് യുഡിഎഫ് സ്‌ഥാനാർഥി കെ ബാബു തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ പറഞ്ഞിരുന്നു. ഇതോടെ എം സ്വരാജിനെ തോല്‍പ്പിക്കാൻ ബിജെപി–കോണ്‍ഗ്രസ് കൂട്ട്കെട്ട് മണ്ഡലത്തില്‍ ഉണ്ടായതായി സിപിഐഎം പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞപ്പോൾ 992 വോട്ടുകള്‍ക്ക് കെ ബാബുവിനോട് എം സ്വരാജ് പരാജയപ്പെട്ടു. ഇതോടെ ബിജെപി–കോണ്‍ഗ്രസ് കൂട്ടുകെട്ട് ആരോപണം സിപിഐഎം ശക്‌തമാക്കി.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് സ്‌ഥാനാർഥി കെ ബാബു 65355 ഇലക്‌ട്രല്‍ വോട്ടുകളും 520 പോസ്‌റ്റല്‍ വോട്ടുകളുമടക്കം 65875 വോട്ടുകളാണ് നേടിയത്. എം സ്വരാജ് 64325 ഇലക്‌ട്രല്‍ വോട്ടുകളും 558 പോസ്‌റ്റല്‍ വോട്ടുകളും അടക്കം 64883 വോട്ടുകളാണ് നേടിയത്. അതേസമയം, ബിജെപി സ്‌ഥാനാർഥിയായ ഡോക്‌ടര്‍ കെഎസ് രാധാകൃഷ്‌ണന്‌ 23578 ഇലക്‌ട്രല്‍ വോട്ടുകളും 178 പോസ്‌റ്റല്‍ വോട്ടുകളും അടക്കം 23756 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

അതായത് 2016ല്‍ നിന്ന് 2021ലേക്ക് എത്തുമ്പോൾ ബിജെപി സ്‌ഥാനാർഥിക്ക് മുമ്പ് കിട്ടിയ വോട്ടില്‍ നിന്ന് 6087 വോട്ടിന്റെ കുറവാണ് ഉണ്ടായത്. കെ ബാബു 7645 വോട്ടുകളുടെ നേട്ടവും ഉണ്ടാക്കി. മാത്രമല്ല ഇത്തവണ ബിജെപി വോട്ടുകൾ പോലും തനിക്ക് അനുകൂലമാണെന്ന കെ ബാബുവിന്റെ പ്രസ്‌താവനയോടൊപ്പം ഈ കണക്കുകള്‍ കൂടി പുറത്തു വരുന്നതോടെ ബിജെപിയില്‍ നിന്ന് ‘കാണാതായ’ 6087 വോട്ടുകള്‍ കോണ്‍ഗ്രസിൽ എത്തിച്ചേർന്നു എന്നും അതാണ് ഇത്രയും ശക്‌തമായ ഇടത് തരംഗത്തിലും സ്വരാജിനെ പോലെ ഒരു സ്‌ഥാനാർഥി തോൽക്കാൻ കാരണമായതെന്നും തന്നെയാണ് സിപിഐഎം വിലയിരുത്തൽ.

Read also: കേരളത്തിലെ ദയനീയ പരാജയം; റിപ്പോർട് തേടി കോണ്‍ഗ്രസ് ഹൈക്കമാൻഡ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE