തിരുവനന്തപുരം: ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിര്‍മാണ വാഗ്‌ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ ഇവയാണ്, ശബരിമല രാഷ്‌ട്രീയ മുക്‌തമാക്കും. പന്തളം കൊട്ടാരം, ക്ഷേത്ര തന്ത്രി, ഗുരു സ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുടെ ഭരണസമിതിക്ക് രൂപം നല്‍കും.
നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹത്തിനെതിരെ യുപി മോഡല്‍ നിയമ നിര്‍മാണം നടത്തും. ക്രൈസ്‌തവ സഭകളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും ബിജെപി പറയുന്നു. വടക്കേ ഇന്ത്യയിൽ പയറ്റി തെളിഞ്ഞ അതേ അടവുകളുമായാണ് ബിജെപി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഗോദയിലേക്കും ഇറങ്ങുന്നതെന്നാണ് പ്രകടന പത്രിക നൽകുന്ന സൂചന.
കുമ്മനം രാജശേഖരന്‍ കണ്‍വീനറായുള്ള സമിതിയുടെ നേതൃത്വത്തിലാണ് ബിജെപിയുടെ പ്രകടന പത്രിക തയാറാക്കുന്നത്. ഈ സമിതിയുടെ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സമിതി ഈ മാസം 27ന് യോഗം ചേരും. 38 ഇന വാഗ്‌ദാനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയിലുണ്ടാവുക.
ദേശീയ തലത്തിൽ രാമക്ഷേത്ര വിഷയം അടക്കം ഉന്നയിച്ച് ഭരണത്തിലേറിയ ബിജെപി കേരളമെന്ന ബാലികേറാമലയും മറ്റൊരു ക്ഷേത്രത്തിന്റെ പേരിൽ പിടിച്ചടക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ രാഷ്‌ട്രീയ വോട്ടുകൾക്ക് ഏറെ പ്രസക്‌തിയുള്ള കേരളത്തിൽ ഈ നീക്കം എത്രകണ്ട് വിലപ്പോവുമെന്ന് കണ്ടറിയണം.
Read Also: ലാവ്‌ലിൻ കേസ്; ഏപ്രിൽ ആറിന് സുപ്രീം കോടതി പരിഗണിക്കും