കാസർഗോഡ്: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അരങ്ങേറിയ മനുഷ്യക്കുരുതിക്ക് എതിരേ ബിജെപിയുടെ പ്രതിഷേധം. ബംഗാളിൽ നടക്കുന്ന സംഘർഷങ്ങൾക്ക് നേരെ മനുഷ്യാവകാശ സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും കണ്ണടക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സംസ്‌ഥാന വ്യാപകമായി പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കാസർഗോഡ് ഉൽഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.
ഭീകരാക്രമണത്തെ വെല്ലുന്ന സംഭവങ്ങളാണ് ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഒറ്റപ്പെട്ട സംഭവങ്ങളിൽ പോലും വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സിപിഎമ്മും കോൺഗ്രസും മറ്റു രാഷ്‌ട്രീയ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും ബംഗാളിലെ ക്രൂരതകൾക്കെതിരെ പ്രതികരിക്കാൻ തയ്യാറാകുന്നില്ല.
ആക്രമിക്കപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും ബിജെപി പ്രവർത്തകരും അവരുടെ ബന്ധുക്കളും ആയതിനാലാണ് ഈ മൗനം. ബിജെപിക്കാർ മാത്രമല്ല, ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുന്ന മുഴുവൻ ആളുകൾക്കും നേരെ അക്രമം നടക്കുന്നതായും മതമൗലികവാദികളുടെ പിന്തുണ തൃണമൂലിന് ലഭിക്കുന്നതായുമാണ് വാർത്തകൾ പുറത്തുവരുന്നത്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ മനുഷ്യക്കുരുതിക്ക് എതിരെ പൊതുസമൂഹം ഒരുമിക്കണം. കേരളത്തിലെ ബിജെപി പ്രവർത്തകർ ബംഗാളിലെ പ്രവർത്തകർക്ക് പൂർണ പിന്തുണ നൽകണമെന്നും സുരേന്ദ്രൻ നിർദ്ദേശിച്ചു.
Also Read: ബംഗാളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മമത ബാനർജി