കണ്ണൂർ: പഴയങ്ങാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസിന്റെ പ്രത്യേക ബസിനു നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. വലിയ തോതിലുള്ള പോലീസ് സുരക്ഷയെ മറികടന്നായിരുന്നു പ്രതിഷേധം.
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് പിന്നാലെ പഴയങ്ങാടിയിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ വൻ അക്രമം അഴിച്ചുവിട്ടു. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതായും ആരോപണമുണ്ട്. മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മഹിത മോഹൻ ഉൾപ്പടെ ഏഴ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, പോലീസും ഇവർക്കൊപ്പം ചേർന്ന് പ്രവർത്തകരെ മർദ്ദിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഘർഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രവർത്തകർ സംഘടിച്ചു പ്രതിഷേധിച്ചു.
കരിങ്കൊടി കാണിച്ചതിന് പോലീസ് നോക്കിനിൽക്കെ ഡിവൈഎഫ്‌ഐ- എസ്എഫ്ഐ പ്രവർത്തകർ തന്നെയും സഹപ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ചതായി പോലീസ് കസ്‌റ്റഡിയിലുള്ള മഹിത മോഹൻ ആരോപിച്ചു. പലയിടത്തും ഇത്തരത്തിൽ പ്രതിഷേധം ആസൂത്രണം ചെയ്‌തതായി കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. ഇതേത്തുടർന്ന് നാല് വീതം കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിലാക്കി.
Most Read| ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; ചീഫ് സെക്രട്ടറിക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്