ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനുമാണ് സുപ്രീം കോടതി നോട്ടീസയച്ചിരിക്കുന്നത്. ഹരജി വെളളിയാഴ്‌ചത്തേക്ക് മാറ്റി.
ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കവെ, കേന്ദ്രത്തിന്റെയോ ഗവർണറുടെയോ അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസിലെ രണ്ടും മൂന്നും എതിർകക്ഷികൾക്ക് നോട്ടീസയച്ചത്. നോട്ടീസിൽ വെള്ളിയാഴ്‌ചക്കകം മറുപടി നൽകണമെന്നും കോടതി നിർദ്ദേശം നൽകി. കേസിലെ ഒന്നാം എതിർകക്ഷി ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. സംസ്‌ഥാന സർക്കാരിനുവേണ്ടി മുൻ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ഹാജരായി.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതി ഹരജി നൽകിയത്. ബില്ലുകളിൽ അനന്തമായി തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സർക്കാർ നിലപാട്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാന്നെന്നാണ് സർക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്.
ഭരണഘടനയുടെ 200ആം അനുച്ഛേദ പ്രകാരമാണ് നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ ഒപ്പിടേണ്ടത്. ബില്ലുകളിൽ സംശയം ഉണ്ടെങ്കിൽ അതാത് വകുപ്പ് മന്ത്രിമാരെ വിളിച്ചു വരുത്തി ഗവർണർ വിശദീകരണം തേടണം. അതുമല്ലെങ്കിൽ രാഷ്‌ട്രപതിക്ക് അയക്കണം. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതൊന്നും ചെയ്‌തിട്ടില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. പ്രധാനപ്പെട്ട ബില്ലുകളിൽ ഒപ്പിടാത്തത് കൊണ്ട് സംസ്‌ഥാനത്ത് ഭരണപ്രതിസന്ധിയും ഉണ്ടാകുന്നുണ്ട്.
മാത്രമല്ല, ഭരണഘടനയെ പോലും ഗവർണർ മാനിക്കുന്നില്ലായെന്ന ആക്ഷേപവും സർക്കാരിനുണ്ട്. ലോകായുക്‌ത, സർവകലാശാല നിയമഭേദഗതി ബില്ലുകൾ തുടങ്ങിയവയാണ് ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ചത്. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎൽഎ ടിപി രാധാകൃഷ്‌ണനുമാണ് ഹർജിക്കാർ. ഗവർണർ, രാജ്ഭവൻ അഡീഷണൽ ചീഫ് സെക്രട്ടറി, കേന്ദ്ര സർക്കാർ എന്നിവരാണ് എതിർകക്ഷികൾ.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്