കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഗുപ്‌തർബഗൻ പ്രദേശത്തുണ്ടായ സ്‌ഫോടനത്തിൽ 18 കാരനായ വിദ്യാർഥി കൊല്ലപ്പെട്ടു. ഞായറാഴ്‌ചയാണ് സ്‌ഫോടനം നടന്നത്.
ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായ അനുരാഗ് സൗ ആണ് മരണപ്പെട്ടത്. ജഗദ്ദാൽ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഭട്ട്പാറ മുനിസിപ്പാലിറ്റിയിലെ ഗുപ്‌തർബഗൻ പ്രദേശത്തുള്ള മോതിഭബൻ സ്‌കൂളിന് സമീപമാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു.
ബോംബാക്രമണത്തിൽ പരിക്കേറ്റ അനുരാഗിനെ ഭട്ടപ്പാറ സ്‌റ്റേറ്റ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, പശ്‌ചിമ ബംഗാളിൽ ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. 37 വനിതകളടക്കം 268 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. കോവിഡ് വ്യാപനത്തിനിടയിലും വോട്ടെടുപ്പിൽ മികച്ച പോളിംങ്ങാണ് റിപ്പോർട് ചെയ്യപ്പെടുന്നത്. രാവിലെ 10 മണിവരെ 22 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുൻപുണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാൻ 796 കമ്പനി കേന്ദ്ര സൈനികരെ ഏഴാം ഘട്ടത്തിൽ വിന്യസിച്ചിട്ടുണ്ട്.
Read Also: ഒഎൻജിസിയുടെ എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ നീക്കം