ബുലന്ദ്ഷഹർ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്ന് കാണാതായ 12 വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗ്രാമത്തിലെ തന്നെ ഹരേന്ദ്ര(22) എന്നയാളുടെ വീടിനടുത്തുള്ള കുഴിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു മൃതദേഹം. പെൺകുട്ടിയെ കാണാതായി ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഹരേന്ദ്രയെ ഇന്ന് രാവിലെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തു.
പെൺകുട്ടിയുടേത് കൊലപാതകമാണെന്നും ലൈംഗികാതിക്രമം നടന്നോ എന്ന് സംശയിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിക്കെതിരെ സാധ്യമായ നടപടിയെടുക്കുമെന്ന് ബുലന്ദ്ഷഹർ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഫെബ്രുവരി 25നാണ് പെൺകുട്ടിയെ കാണാതാകുന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ വെള്ളം കുടിക്കാനായി വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ കാണാതാവുക ആയിരുന്നു. ഫെബ്രുവരി 28നാണ് പെൺകുട്ടിയെ കാണാതായതായി മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. മൃതദേഹം കണ്ടെടുത്ത വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള വയലിലാണ് അമ്മയോടും രണ്ട് സഹോദരിമാരോടും കൂടി പെൺകുട്ടി ജോലി ചെയ്‌തിരുന്നതെന്ന് ബുലന്ദ്ഷഹർ പോലീസ് മേധാവി സന്തോഷ് കുമാർ സിംഗ് വ്യക്‌തമാക്കി.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിൽ ഹരേന്ദ്രയും പിതാവും മാത്രമാണ് താമസം. പിതാവിനെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Read Also: ബംഗാളിൽ അധികാരത്തിലെത്താൻ ഒരു ഫാസിസ്‌റ്റ് ശക്‌തിയെയും അനുവദിക്കില്ല; തേജസ്വി യാദവ്