ചെന്നൈ: മദ്രാസ് ഐഐടിയിൽ ബ്രാഹ്‌മണാധിപത്യം നിലനിൽക്കുന്നതായി മലയാളി അസിസ്‌റ്റന്റ് പ്രൊഫസർ വിപിൻ പുതിയേടത്ത്. രാജി പിൻവലിച്ച് മദ്രാസ് ഐഐടിയിൽ തിരിച്ചെത്തിയതിന് ശേഷമാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. കടുത്ത ജാതിവിവേചനത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് വിപിൻ രാജിക്കത്ത് നൽകിയത്.
മദ്രാസ് ഐഐടിയിലെ കുട്ടികൾക്കിടയിൽ പോലും ജാതിവെറി നിലനിൽക്കുന്നുവെന്ന് വിപിൻ പറയുന്നു. ചില പ്രൊഫസർമാരുടെ മക്കളുടെ കൂടെ മറ്റ് ചില പ്രൊഫസർമാരുടെ മക്കൾ കളിക്കാൻ കൂട്ടാക്കാറില്ല. അയ്യരാണോ അയ്യങ്കാരാണോ എന്ന കോദയം കുട്ടികൾ പോലും പരസ്‌പരം ചോദിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഐഐടിയിലെ അധികാരം മുഴുവൻ ഒരു വിഭാഗം കയ്യടക്കി വെച്ചിരിക്കുകയാണെന്നും വിപിൻ ആരോപിച്ചു.
മദ്രാസ് ഐഐടിയിൽ ഇതുവരെ ഡയറക്‌ടർമാരായി വന്നിട്ടുള്ളത് ബ്രാഹ്‌മണർ മാത്രമാണ്. പ്രൊഫസർമാരിൽ ഭൂരിപക്ഷം പേരും ബ്രാഹ്‌മണരാണ്. ജാതി മാത്രം പരിഗണിച്ചാണ് വിദ്യാർഥികൾക്ക് പല ശിക്ഷാവിധികളും നൽകുന്നത്. തന്നെ തഴഞ്ഞതും ജാതി മാത്രം പരിഗണിച്ചാണെന്ന് ഇദ്ദേഹം പറയുന്നു. മദ്രാസ് ഐഐടിയിലെ അവസരങ്ങൾ ബ്രാഹ്‌മണർക്ക് മാത്രമാണെന്നും വിപിൻ കൂട്ടിച്ചേർത്തു.
2019 മാർച്ചിലാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ള വിപിൻ മദ്രാസ് ഐഐടിയിൽ അസിസ്‌റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കുന്നത്. ഇവിടുത്തെ ജാതിവിവേചനം ചൂണ്ടിക്കാട്ടി ജൂലൈ ഒന്നിന് ഇദ്ദേഹം രാജിക്കത്ത് നൽകി. ഭാവിയില്‍ ഇത്തരം സാഹചര്യം മദ്രാസ് ഐഐടിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വേണമെന്നും ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും വിപിൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ രാജി പിൻവലിച്ച് വീണ്ടും ജോലിയിൽ കയറിയതിന് പിന്നാലെയാണ് ജാതിവിവേചനം ചൂണ്ടിക്കാട്ടി ഒബിസി കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
Also Read: പിഎസ്‌സി ലിസ്‌റ്റ് നിലനിൽക്കെ പിആർഡിയിൽ പിൻവാതിൽ നിയമനം; മുഖ്യമന്ത്രിക്ക് പരാതി