തൃശൂർ: ചേര്‍പ്പില്‍ ജ്യേഷ്‌ഠനെ അനുജൻ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് നിഗമനം. കൊല്ലപ്പെട്ട ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം ഉള്ളതായി പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി. മറവ് ചെയ്യുമ്പോള്‍ ബാബുവിന് ജീവനുണ്ടായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
മുത്തുള്ളിയാല്‍ തോപ്പ് കൊട്ടേക്കാട്ട്പറമ്പില്‍ പരേതനായ ജോയിയുടെ മകന്‍ ബാബു (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരൻ സാബു (25)വിനെ ചേര്‍പ്പ് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ബാബുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് സാബു മൊഴി നല്‍കിയിരുന്നത്. അതിന് ശേഷം മാതാവിന്റെ സഹായത്തോടെ തൊട്ടടുത്ത പാടത്ത് മറവ് ചെയ്‌തുവെന്നാണ് പറഞ്ഞിരുന്നത്.
കുഴിച്ചുമുടിയ സമയത്ത് ബാബുവിന് ജീവനുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കുഴിച്ചു മൂടിയപ്പോള്‍ ശ്വാസം ഉള്ളിലേക്ക് എടുത്തപ്പോഴായിരിക്കാം മണ്ണിന്റെ അംശം അകത്തേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം.
മാര്‍ച്ച് 15ന് രാത്രിയാണ് കൊലപാതകം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ബാബുവിനെ സാബു മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ആയിരുന്നു. 300 മീറ്റര്‍ അകലെയാണ് ബാബുവിനെ കുഴിച്ചിട്ടത്. 15 മുതല്‍ ബാബുവിനെ കാണാനില്ലെന്നു കാണിച്ച് 19ന് സാബു ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നീട് 22ന് പശുവിനെ മേയ്‌ക്കാൻ കൊണ്ടുപോയ നാട്ടുകാരനായ സുധാകരന്‍ ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവുനായകൾ ചേര്‍ന്ന് കുഴിക്കുന്നതും കണ്ടിരുന്നു. വ്യാഴാഴ്‌ച രാവിലെ അതേസ്‌ഥലത്ത് സുധാകരന്‍ എത്തിയപ്പോള്‍ മണ്ണ് പൂര്‍വസ്‌ഥിതിയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നി നാട്ടുകാരെ വിവരം അറിയിച്ചു.
കൈക്കോട്ട് ഉപയോഗിച്ച് കുഴിച്ചു നോക്കിയപ്പോള്‍ സിമന്റ്കട്ട നിരത്തിവെച്ച നിലയില്‍ കണ്ടു. ദുര്‍ഗന്ധവും വന്നതോടെ ചേര്‍പ്പ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചേര്‍പ്പ് എസ്ഐ ജെ ജെയ്‌സന്‍ സ്‌ഥലത്തെത്തി പരിശോധന നടത്തിയതില്‍ മൃതദേഹത്തിന്റെ കയ്യുടെ ഭാഗം കണ്ടു. ബാബുവിന്റെ കയ്യിൽ പച്ചകുത്തിയിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം ബാബുവിന്റേത് ആണെന്ന നിഗമനത്തിൽ എത്തിയത്.
Most Read: എംഎൽഎമാർക്ക് ഇനി ഒറ്റ പെൻഷൻ; പഞ്ചാബിൽ മാറ്റവുമായി എഎപി