ഇനി വഴിയിൽ യാത്രക്കാരെ വലക്കില്ല; പകരം സംവിധാനവുമായി കെഎസ്ആര്‍ടിസി

By Desk Reporter, Malabar News
KSRTC with replacement system

തിരുവനന്തപുരം: സർവീസ് സമയത്ത് ബ്രേക്ക് ഡൗണ്‍ അല്ലെങ്കില്‍ അപകടം കാരണം കെഎസ്ആര്‍ടിസി ബസുകളുടെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി സിഎംഡി അറിയിച്ചു. ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കി കെഎസ്ആര്‍ടിസി ബസിനോട് യാത്രക്കാര്‍ക്കുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടന്‍ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.

ഒരു കാരണവശാലും ഇനി മുതല്‍ അപകടമോ, ബ്രേക്ക് ഡൗണ്‍ കാരണമോ യാത്രക്കാരെ (ഒഴിച്ച് കൂടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഒഴികെ) പരമാവധി 30 മിനിറ്റില്‍ കൂടുതല്‍ വഴിയില്‍ നിര്‍ത്തില്ല. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ പകരം സംവിധാനം ഏര്‍പ്പെടുത്തി യാത്ര ഉറപ്പാക്കും. മുന്‍കൂര്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയ സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുന്‍പ് ക്യാന്‍സല്‍ ചെയ്യുന്നതായുള്ള പരാതിയും ഇനി മുതല്‍ ഉണ്ടാകില്ല. മുന്‍കൂര്‍ റിസര്‍വേഷന്‍ ചെയ്‌ത സര്‍വീസുകള്‍ മുടക്കം കൂടാതെ തന്നെ നടത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തി; അദ്ദേഹം പറഞ്ഞു.

യാത്രാവേളയില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ കണ്ടക്‌ടർമാര്‍ അഞ്ചു മിനിറ്റിനകം തന്നെ ഈ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അതിന്റെ അടിസ്‌ഥാനത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഉടന്‍ തന്നെ തൊട്ടടുത്ത ഡിപ്പോയില്‍ അറിയിക്കുകയും തുടര്‍ന്ന് 15 മിനിറ്റിനകം പകരം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.

ദീര്‍ഘ ദൂര ബസുകള്‍ സര്‍വീസിനിടയില്‍ ബ്രേക്ക് ഡൗണ്‍ ആകുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത ഡിപ്പോയില്‍ നിന്നും പകരം ബസ് എടുത്ത് സര്‍വീസ് തുടരാനുള്ള നടപടികള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ബന്ധപ്പെട്ട ഡിപ്പോയെ അറിയിച്ച് ലഭ്യമാക്കും. സര്‍വീസ് നടത്തിയ ബസിന്റെ അതേ ക്‌ളാസിൽ ഉള്ള ബസ് ലഭ്യമായില്ലെങ്കില്‍ താഴത്തെയോ, മുകളിലത്തെയോ ശ്രേണിയില്‍ ലഭ്യമായ ബസ് ഏതാണോ ലഭിക്കുക അത് ഉപയോഗിച്ച് തൊട്ടടുത്ത ഡിപ്പോ വരെ സര്‍വീസ് തുടരുന്നതിനുള്ള നടപടി സ്വീകരിക്കും.

തുടര്‍ന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫിസർമാരെ വിവരം അറിയിച്ച് പകരം സംവിധാനം അടുത്ത ഡിപ്പോയില്‍ നിന്നും ഒരുക്കും. അതിന്റെ ഉത്തരവാദിത്തം ആ യൂണിറ്റിലെ ഡിടിഒ, എടിഒമാര്‍ക്ക് ആയിരിക്കും. യാത്രാക്കാര്‍ക്ക് തന്നെ വിവരങ്ങള്‍ കെഎസ്ആര്‍ടിസി കണ്‍ട്രോല്‍ റൂമില്‍ വിളിച്ച് അറിയിക്കാനും, ചിത്രങ്ങള്‍ ഉൾപ്പടെ കെഎസ്ആര്‍ടിസിയുടെ വാട്‌സ്ആപ്പ് നമ്പറില്‍ അയക്കുവാനുള്ള സൗകര്യവും ലഭ്യമാണ്. കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂം നമ്പറുകൾ: 9447071021, 0471 2463799, വാട്‌സ്ആപ്പ് നമ്പര്‍: 81295 62972.

Most Read:  ശശീന്ദ്രനെതിരായ ആരോപണത്തിൽ മറുപടി പ്രതീക്ഷിക്കേണ്ട; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE