ഇരയെ വിവാഹം കഴിക്കാമോ? പോക്‌സോ കേസ് പ്രതിയോട് സുപ്രീം കോടതി

By News Desk, Malabar News
Supreme court of india send notice to kerala govt
Supreme Court Of India

ന്യൂഡെൽഹി: ‘നിങ്ങൾക്ക് അവളെ വിവാഹം കഴിക്കാമോ?’- ബലാൽസംഗ കേസിലെ പ്രതിയോട് സുപ്രീം കോടതിയുടെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാകുന്നത്. പോക്‌സോ കേസിൽ കുറ്റാരോപിതനായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്‌റ്റിസ്‌ എസ്‌ ബോബ്‌ഡെയുടെ ചോദ്യം.

മഹാരാഷ്‌ട്ര സംസ്‌ഥാന സർക്കാർ ജീവനക്കാരനായ മോഹിത് സുഭാഷ് ചവാനാണ് പ്രതി. 16 വയസുള്ള സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കുറ്റത്തിനാണ് ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാളുടെ അകന്ന ബന്ധു കൂടിയാണ് കുട്ടി.

കേസുമായി ബന്ധപ്പെട്ട് മോഹിതിന്റെ ജോലി നഷ്‌ടമാകാൻ സാധ്യതയുണ്ടെന്ന് ഇയാളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതോടെയാണ് കുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് സാധിക്കുമോ എന്ന് കോടതി ചോദിച്ചത്. “പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഇല്ലെങ്കില്‍ നിങ്ങളുടെ ജോലി നഷ്‌ടപ്പെടും. ജയിലില്‍ പോകേണ്ടി വരും. ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് നിങ്ങള്‍ ബലാൽസംഗം ചെയ്‌തിരിക്കുന്നു”- ചീഫ് ജസ്‌റ്റിസ്‌ പറഞ്ഞു. വിവാഹത്തിന് തങ്ങൾ നിർബന്ധിക്കില്ലെന്നും കോടതി അറിയിച്ചു.

ആദ്യം പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൻ തയാറായിരുന്നുവെന്നും അപ്പോൾ അവളത് നിരസിക്കുകയായിരുന്നു എന്നും പ്രതി മോഹിത് കോടതിയിൽ പറഞ്ഞു. ഇപ്പോൾ താൻ വിവാഹിതനാണെന്നും അതിനാൽ പെൺകുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും ഇയാൾ കോടതിയെ അറിയിച്ചു. അറസ്‌റ്റ് ചെയ്‌താൽ തന്റെ ജോലി നഷ്‌ടപ്പെടുമെന്നും ഇയാൾ പറഞ്ഞു.

എന്നാൽ, പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബലാൽസംഗം ചെയ്യുമ്പോൾ സർക്കാർ ജീവനക്കാരൻ ആണെന്ന ബോധം പ്രതിക്ക് ഉണ്ടാകണമെന്നാണ് കോടതി മറുപടി പറഞ്ഞത്. തുടർന്ന് പ്രതിയുടെ അറസ്‌റ്റ് കോടതി നാലാഴ്‌ചത്തേക്ക് തടഞ്ഞു.

അതേസമയം, വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ അതിക്രമിച്ചുകയറി കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവം പുറത്തുപറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 12 തവണ ഇയാള്‍ ബലാൽസംഗം ചെയ്‌തെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പെണ്‍കുട്ടി ആത്‌മഹത്യാശ്രമം നടത്തിയതോടെയാണ് വിവരം പുറത്തായത്. പോലീസില്‍ പരാതിപ്പെടാന്‍ കുടുംബം തീരുമാനിച്ചതോടെ പ്രതിയുടെ അമ്മ വീട്ടിലെത്തി പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മകനുമായുള്ള വിവാഹം നടത്താമെന്ന് വാഗ്‌ദാനം ചെയ്യുകയായിരുന്നു.

അതിനിടെ പ്രതിയുടെ അമ്മ, പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പമായിരുന്നുവെന്നും പരസ്‌പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണ് ഉണ്ടായതെന്നും സ്‌റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ടുവാങ്ങി. പെണ്‍കുട്ടിയുടെ അമ്മയുടെ ഒപ്പാണ് വാങ്ങിയത്. എന്താണ് പേപ്പറില്‍ എഴുതിയിരിക്കുന്നതെന്ന് അറിയാതെ ഒപ്പിട്ട് നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ നിരക്ഷരയായ അമ്മ പറഞ്ഞു.

പെണ്‍കുട്ടിക്ക് 18 വയസായപ്പോള്‍ വിവാഹത്തില്‍ നിന്നും അമ്മയും മകനും പിൻമാറിയതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയത്. സെഷന്‍സ് കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി. പെണ്‍കുട്ടി മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു. തുടര്‍ന്ന് പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് സുപ്രീംകോടതി വിചിത്ര പരാമര്‍ശം നടത്തിയത്.

സുപ്രീം കോടതിയുടെ വിചിത്ര പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇരക്ക് നീതി ലഭ്യമാകാതെ പരമോന്നത നീതിപീഠം പ്രതിക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

Also Read: യുപിയിൽ 16കാരിയുടെ മൃതദേഹം പാടത്ത്; രോഷാകുലരായി നാട്ടുകാർ; പോലീസിന് നേരെ കല്ലേറ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE