ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ വധത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ചൂടുപിടിച്ച് വിവാദം. ആരോപണത്തിൽ കനേഡിയൻ ഹൈക്കമ്മീഷനിലെ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്‌തമായ പ്രതിഷേധം അറിയിച്ചു. ഇതിന് പുറമെ വിഷയം സംബന്ധിച്ച നയതന്ത്രക്കുറിപ്പും ഇന്ത്യ കൈമാറിയിട്ടുണ്ട്.
ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇന്ത്യ ശക്‌തമായ മുന്നറിയിപ്പ് നൽകി. കാനഡയിൽ നടന്ന സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള ഗൂഡാലോചനയ്‌ക്ക് പിന്നിൽ അമിത് ഷാ ആണെന്ന് കാനഡ ആരോപിച്ചതായി യുഎസ് ദിനപത്രമായ വാഷിങ്ടൻ പോസ്‌റ്റ് ആണ് ആദ്യം റിപ്പോർട് ചെയ്‌തത്.
പിന്നാലെ പത്രത്തിന് വിവരം നൽകിയത് താനാണെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ പാർലമെന്റിന്റെ ദേശീയ സുരക്ഷാസമിതിയെ അറിയിക്കുകയും ചെയ്‌തു. തുടർന്ന്, പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് നതാലി ഡൂയിനും ഈ വിവരം പരസ്യപ്പെടുത്തിയെന്ന് സമ്മതിച്ചു. ഇതോടെയാണ് പ്രതിഷേധം അറിയിച്ച് ഇന്ത്യ രംഗത്തെത്തിയത്.
”കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ കഴിഞ്ഞ ദിവസം ഞങ്ങൾ വിളിച്ചുവരുത്തിയിരുന്നു. 2024 ഒക്‌ടോബർ 29ന് ഒട്ടാവയിൽ നടന്ന പബ്ളിക് സേഫ്‌റ്റി ആൻസ് നാഷണൽ സെക്യൂരിറ്റി സ്‌റ്റാൻഡിങ് കമ്മിറ്റിയുടെ നടപടികളെ കുറിച്ച് സമിതിയിൽ മന്ത്രി ഡേവിഡ് മോറിസൺ നടത്തിയ അടിസ്‌ഥാന രഹിതമായ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ ശക്‌തമായി പ്രതിഷേധിക്കുന്നതായി അറിയിച്ചു”- വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
2023 ജൂണിൽ ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. കാനഡയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളിയിരുന്നു. എന്നാൽ, വധക്കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് പങ്കുണ്ടെന്ന തരത്തിൽ കാനഡയുടെ അന്വേഷണ റിപ്പോർട് വന്നതോടെയാണ് വിഷയം വീണ്ടും രൂക്ഷമായതും പുതിയ ആരോപണങ്ങൾ ഉയരുന്നതും.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ