മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. ഗൂഡല്ലൂർ ചെമ്പാല സ്വദേശി ശിഹാബുദ്ധീൻ (35), ഗൂഡല്ലൂർ പെരുന്തുറൈ സ്വദേശി ഷാഫിർ (34) എന്നിവരെയാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്. ആന്ധ്രയിൽ നിന്ന് കൊണ്ടുവരുന്ന വാഴക്കുലകൾക്കിടയിൽ കഞ്ചാവ് എത്തിച്ചവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ആറായി.
കൂറ്റമ്പാറയിൽ കഞ്ചാവ് ഇറക്കിയ ശേഷം വാഹനവുമായി ഗൂഡല്ലൂരിലേക്ക് പോകുന്ന വഴി കഞ്ചാവ് പിടികൂടിയ വിവരം അറിഞ്ഞ് വഴിക്കടവിൽ വെച്ച് പിക്കപ്പ് ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതികളാണ് പിടിയിലായത്. മലപ്പുറം എക്‌സൈസ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നിലമ്പൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്‌പെക്‌ടറും സംഘവും കൂറ്റമ്പാറയിൽ വെച്ചാണ് രണ്ട് കിന്റലിലധികം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയത്.
ഇവ കടത്താൻ ഉപയോഗിച്ച ഹോണ്ട സിറ്റി കാർ, പിക്കപ്പ് വാൻ, ബൈക്ക് എന്നിവയും പിടികൂടിയിരുന്നു. കൂറ്റമ്പാറ സ്വദേശികളായ അബ്‌ദുൾ ഹമീദ്, എടക്കര സ്വദേശി ഷറഫുദ്ദീൻ, അമരമ്പലം സ്വദേശികളായ അലി, ജംഷാദ് എന്നിവരാണ് നേരത്തെ അറസ്‌റ്റിലായത്. ഒളിവിൽ കഴിയുന്ന കൂറ്റമ്പാറ സ്വദേശി സൽമാൻ, പോത്തുകല്ല് സ്വദേശി റഫീഖ്, കൂറ്റമ്പാറ സ്വദേശി വിഷ്‌ണു എന്നിവർക്കായി അന്വേഷണം തുടരുകയാണ്. പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Most Read: ഇ-ബുൾ ജെറ്റ് കേസ്; വാഹനത്തിലെ അനധികൃത ഫിറ്റിംഗുകൾ അഴിച്ചുമാറ്റാൻ ഉത്തരവ്