വടകര: ദേശീയപാതയില്‍ വടകരയ്‌ക്ക് സമീപം ചോറോടില്‍ കാറിടിച്ച് സ്‌ത്രീ മരിക്കുകയും പേരമകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിലാണ് പോലീസ് അന്വേഷണം ഫലംകണ്ടത്.
പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷെജീലി (35)ന്റെതാണ് കെഎല്‍ 18 ആര്‍ 1846 എന്ന നമ്പറിലുള്ള കാര്‍. കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി വിവി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കാര്‍ കണ്ടെത്തിയത്. സംഭവശേഷം യുഎഇയിലേക്ക് കടന്ന ഷെജീലിനെ ഉടന്‍തന്നെ നാട്ടിലെത്തിക്കുമെന്ന് കോഴിക്കോട് റൂറല്‍ എസ്‍പി പി. നിധിന്‍രാജ് പറഞ്ഞു.
2024 ഫെബ്രുവരി 17ന് രാത്രി ഒന്‍പതുമണിക്കുണ്ടായ അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62) എന്ന സ്‌ത്രീയാണ് മരിച്ചത്. മകളുടെ മകള്‍ ഒൻപതുവയസുകാരി ദൃഷാനക്ക് സാരമായി പരിക്കേറ്റു. അന്നുമുതല്‍ അബോധാവസ്‌ഥയിലാണ് ദൃഷാന. അപകടം സംഭവിക്കുമ്പോൾ കാർ ഓടിച്ചിരുന്ന ഷെജീലിനൊപ്പം ഭാര്യയും രണ്ടു കുട്ടികളും കാറിലുണ്ടായിരുന്നു. ഭാര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
അന്വേഷണം ആരംഭിക്കുന്നത് “‘കെഎല്‍ പതിനെട്ടില്‍ തുടങ്ങുന്ന നമ്പറുള്ള കാറാണ്…കാർ ഏതെന്ന് വ്യക്‌തമല്ല…” എന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയിൽ നിന്നാണ്. പിന്നീടിങ്ങോട്ടുള്ള 10 മാസം നടന്നത് ഷെർലക് ഹോംസിനെ വെല്ലുന്ന അന്വേഷണ പരമ്പരയാണ്. 200ഓളം വീഡിയോ ദൃശ്യങ്ങളും, 5 ജില്ലകളിലെ 500ഓളം വര്‍ക്ക് ഷോപ്പ്, ഒട്ടനേകം സ്‌പെയർ പാർട്‌സ് കടകളും, അരലക്ഷത്തോളം ഫോണ്‍ കോളുകളും, 19,000 കാറുകളുടെ വിവരങ്ങളും പരിശോധിച്ച പരമ്പരയുടെ അവസാനമാണ് ഗൾഫിലേക്ക് കടന്ന പ്രതിയെയും കാറിനേയും കണ്ടെത്തുന്നത്.
അപകടം നടന്ന തീയതിക്കുശേഷം ഇന്‍ഷുറന്‍സ് ക്ളയിം നേടിയ കാറുകളുടെ വിവരവും ശേഖരിച്ചിരുന്നു. ഇതിനിടെ മാര്‍ച്ചില്‍ ഒരു വെള്ള മാരുതി സ്വിഫ്റ്റ് കാര്‍ മതിലിന് ഇടിച്ചെന്നപേരില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് 36,000 രൂപ ക്ളയിം നേടിയതായി കണ്ടു. ഈ കാര്‍ പരിശോധിച്ചപ്പോള്‍ ബമ്പര്‍, സൈഡ് ഗ്‌ളാസ് തുടങ്ങിയ ഭാഗങ്ങള്‍ മാറ്റിയതായി കണ്ടു. ശാസ്‌ത്രീയമായ പരിശോധനയില്‍ അന്നത്തെ അപകടത്തിലുണ്ടായ കേടുപാടിന് സമാനമായ മാറ്റമാണിതെന്ന് കണ്ടെത്തി.
ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ സംഭവദിവസം ഈ കാര്‍ വടകര-കൈനാട്ടി ഭാഗത്ത് ഉള്ളതിനും തെളിവുകിട്ടി. അപകടമുണ്ടാക്കിയത് ഒരു വെള്ള കാര്‍ ആണെന്നുമാത്രമേ ആദ്യം വിവരമുണ്ടായിരുന്നുള്ളൂ. സമീപത്തെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതോടെ മാരുതി സ്വിഫ്റ്റ് കാറെന്ന നിഗമനത്തിലെത്തി. 10 മാസത്തിനിടെ നൂറിലേറെ കാറുകള്‍ പോലീസ് നേരിട്ട് പരിശോധിച്ചു. 19,000 സ്വിഫ്റ്റ് കാറുകളുടെ വിവരം ശേഖരിച്ച് ഈഭാഗത്തേക്ക് വരാന്‍ സാധ്യതയുള്ളവയെക്കുറിച്ച് പ്രത്യേകം അന്വേഷിച്ചു.
കണ്ണൂര്‍ ദിശയിലുള്ള സമീപത്തെ രണ്ടു ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഒരു സ്വിഫ്റ്റ് കാര്‍ കണ്ടു. പക്ഷേ, നമ്പര്‍ വ്യക്‌തമല്ല. ഈ വഴിയില്‍ നമ്പര്‍ വ്യക്‌തമാകാന്‍ സാധ്യതയുണ്ടായിരുന്ന കൈനാട്ടി ജങ്ഷനിലെ ക്യാമറയില്‍ ഈ കാര്‍ പതിഞ്ഞുമില്ല. ചോറോടിനും കൈനാട്ടിക്കും ഇടയില്‍നിന്ന് കാര്‍ ഉള്‍ഭാഗത്തേക്ക് എവിടെയോ മറഞ്ഞെന്നു സംശയം. ഈ സംശയമാണ് അന്വേഷണത്തിലെ നിർണായക നിമിഷം.
കാറിന്റെ മുന്‍വശത്ത് കേടുപാടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ഉറപ്പാക്കിയിരുന്നു. പെയിന്റിന്റെ നിറം മാറ്റിയ കാറുകള്‍ പ്രത്യേകം പരിശോധിച്ചു. വര്‍ക്ഷോപ്പ് അസോസിയേഷന്റെ പിന്തുണയും ഇക്കാര്യത്തില്‍ തേടി. ഈ രീതിയില്‍ത്തന്നെയാണ് ഇന്‍ഷുറന്‍സ് നേടിയവരുടെ മൊഴിയുമെടുത്തത്. ഇതിനിടെയാണ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഇൻഷുറൻസ് നേടിയ കാറിനെക്കുറിച്ച് സംശയമുയര്‍ന്നത്.
രണ്ടുപേരെ കാര്‍ തട്ടിയത് കാര്‍ ഓടിച്ചിരുന്ന ഷെജീലും ഭാര്യയും കൃത്യമായി അറിഞ്ഞിരുന്നെന്ന് പോലീസ് പറഞ്ഞു. വടകര സാന്‍ഡ് ബാങ്ക്‌സ് സന്ദര്‍ശിച്ച്, ഷോപ്പിങ് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍. ഉടന്‍ മുന്നോട്ടുപോയാല്‍ പിടിക്കപ്പെടുമെന്നതിനാലാണ് കുറച്ചുമുന്നോട്ടുപോയി ഇടത്തോട്ടേക്കുള്ള റോഡില്‍ കയറിയത്. സംഭവത്തിന് ശേഷം മൂന്നാംദിവസം കാര്‍ ഷോറൂമിലൊന്നും കൊണ്ടുപോകാതെ, വീടിന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള വര്‍ക്ഷോപ്പില്‍ കയറ്റി. ഫെബ്രുവരി 17നുണ്ടായ അപകടശേഷം മാര്‍ച്ച് 14ന് ഷെജീല്‍ യുഎഇയിലേക്ക് കടന്നു.
അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനും ക്രൈംബ്രാഞ്ചിനും വലിയ തലവേദന സൃഷ്‍ടിച്ചിരുന്നു. കോടതിയും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ട കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി നയിച്ച പ്രത്യേകാന്വേഷണസംഘം ഊണും ഉറക്കവും ഉപേക്ഷിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണ സംഘാംഗങ്ങളെ മറ്റൊരു ജോലിയും ഏല്‍പ്പിച്ചില്ല. പൂര്‍ണമായും കാര്‍ തേടിയിറങ്ങി.
ഡിവൈഎസ്‍പിമാരായ ഉല്ലാസ്, ജി. ബാലചന്ദ്രന്‍ എന്നിവര്‍ക്കുശേഷം നിലവിലുള്ള ഡിവൈഎസ്‍പി വിവി ബെന്നിയും അന്വേഷണത്തിന് നേതൃത്വംനല്‍കി. എസ്ഐ പി കുഞ്ഞിബാവ, എഎസ്‌ഐ കെപി സുരേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിഎം സന്തോഷ്, കെവി വിജേഷ്, കെ ഷിനില്‍, ടിഎച്ച് വിനീഷ്, പ്രജീഷ്, അശോകന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദൃഷാന ഇപ്പോഴും ഗുരുതരാവസ്‌ഥയിലാണ്. ചികിൽസ തുടരുന്ന കുട്ടിയുടെ ആരോഗ്യ കാര്യത്തിൽ ഇപ്പോഴും വ്യക്‌തതയില്ല. കുട്ടികളും കുടുംബവുമുള്ള ഷെജീൽ ചെയ്‌തത് ക്രൂര കൃത്യമായാണ് നാട്ടുകാരും ദൃഷാനയുടെ കുടുംബവും വിലയിരുത്തുന്നത്.
NATIONAL | ബാബ സിദ്ദിഖി കൊലപാതകം; മുഖ്യ സൂത്രധാരൻ അൻമോനെ ഇന്ത്യയിലെത്തിക്കും