തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരായ കേസ് തന്നെ പ്രവർത്തന രംഗത്ത് നിന്ന് മാറ്റിനിർത്താൻ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ. തനിക്കെതിരെ വ്യക്‌തിപരമായി ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയാത്തതിനാൽ കുടുംബാംഗങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്‌ടിക്കുകയും അതുവഴി തെറ്റിദ്ധാരണ പരത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ബിനീഷ് മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് പ്രചരിപ്പിച്ചു. നാർക്കോട്ടിക് സെൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ബിനീഷ് പ്രതിയേയല്ലന്ന് തെളിഞ്ഞു. ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്ത് ജയിലിൽ കിടത്തി ജാമ്യം നൽകാതെ പീഡിപ്പിക്കുന്നു. ബോധപൂർവം ഒരാളെ പീഡിപ്പിക്കണമെന്നോ ജയിലിൽ കിടത്തണമെന്നോ കേന്ദ്ര ഏജൻസി തീരുമാനിച്ചാൽ ആരെ വേണമെങ്കിലും ഇങ്ങനെ ചെയ്യാൻ സാധിക്കും- കോടിയേരി പറയുന്നു.
തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ച് ഇവരെന്തോ തെറ്റ് ചെയ്യുന്നവരാണെന്ന് സമൂഹത്തിൽ പുകമറ സൃഷ്‌ടിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. കാര്യങ്ങൾ നിയമപരമായി മുന്നോട്ട് പോകട്ടെ. മാനസികമായി തകർക്കുക, കുടുംബത്തെ തകർക്കുക, പ്രവർത്തന രംഗത്ത് നിന്ന് മാറ്റി നിർത്തുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.
വിനോദിനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്ന് മാദ്ധ്യമങ്ങളിൽ കണ്ട വാർത്തയല്ലാതെ ഇത് സംബന്ധിച്ച ഒരു വിവരവും വിനോദിനിക്ക് ലഭിച്ചിട്ടില്ല. മാദ്ധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാർത്തകൾ നൽകിയത്. സന്തോഷ് ഈപ്പന്റെ ഫോണിന്റെ ഐഎംഇഐ നമ്പറിലുള്ള ഫോൺ വിനോദിനി ഉപയോഗിച്ചിട്ടില്ലെന്നും കോടിയേരി വ്യക്‌തമാക്കി.
Also Read: രക്‌തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാർച്ചന; ബിജെപി സ്‌ഥാനാർഥിക്കെതിരെ പരാതി