യാത്രക്കാരെ ആക്രമിച്ച് കാർ കടത്തിക്കൊണ്ട് പോയ കേസ്; ഒന്നര വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

By Desk Reporter, Malabar News
Man attacked in Kalady
Representational Image

പാലക്കാട്: മുണ്ടൂർ-പെരിന്തൽമണ്ണ സംസ്‌ഥാന പാതയിൽ പുഞ്ചപ്പാടത്ത് രാത്രിയിൽ യാത്രക്കാരെ ആക്രമിച്ച് കാർ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ പിടിയിൽ. നൂറണി സ്വദേശികളായ രണ്ടുപേരെയാണ് ശ്രീകൃഷ്‌ണപുരം സിഐ കെഎം ബിനീഷും സംഘവും പിടികൂടിയത്.

പാലക്കാട് നൂറണി ചടനാംകുറിശ്ശി കളത്തിൽവീട്ടിൽ അക്കു എന്ന അക്ബർ അലി (30), നൂറണി ചിറക്കൽവീട്ടിൽ അർസൽ (26) എന്നിവരാണ് അറസ്‌റ്റിലായത്. കേസിൽ പാലക്കാട് സ്വദേശികളായ രണ്ടുപേരെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് പ്രതികൾ പോലീസ് പിടിയിലാകുന്നത്.

സുഭാഷ്, പ്രമോദ് എന്നിവരെയാണ് പിടികൂടാനുള്ളതെന്ന് അധികൃതർ പറഞ്ഞു. ഇതിൽ സുഭാഷ് കഞ്ചാവ് കേസിൽ വിശാഖപട്ടണത്ത് ജയിൽശിക്ഷ അനുഭവിക്കയാണ്. പ്രമോദ്‌ കോയമ്പത്തൂരിലുണ്ടെന്നാണ് പോലീസ് നിഗമനം. തട്ടിക്കൊണ്ടുപോകൽ, കവർച്ചാ കേസുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്.

2019 മേയ് 13ന് രാത്രിയായിരുന്നു സംഭവം. മലപ്പുറം കോടൂർ ചെമ്മംകടവ് ചോലശ്ശേരി വീട്ടിൽ സിഎച്ച് ജംഷാദലി, കൂട്ടുകാരനായ അബ്‍ദുൾ ജലീൽ എന്നിവരെ യാത്രക്കിടെ തടഞ്ഞുനിർത്തി ആക്രമിച്ച് കാർ തട്ടിയെടുത്തതായാണ് പരാതി. മൂന്ന്‌ കാറുകളിലായെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിക്കയായിരുന്നു.

ജംഷാദലിയെ മർദ്ദിച്ച് കാർ തട്ടിയെടുക്കയായിരുന്നു. ജംഷാദലിയുടെ കൂട്ടുകാരനായ അബ്‍ദുൾ ജലീലിനെ കാറിൽ കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി പാലക്കാട് കണ്ണനൂരിൽ ഇറക്കിവിടുകയായിരുന്നു.

മലപ്പുറത്ത് വിവിധ സ്‌ഥലങ്ങളിൽ സ്‌ഥാപനങ്ങളുള്ള ഡിസോൺ ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റിറ്റ്യൂഷൻസ് മേധാവിയാണ് ജംഷാദലി. കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിലേക്ക് വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ ആവശ്യത്തിന്‌ പോയി തിരികെ വരും വഴിയാണ് ആക്രമിക്കപ്പെട്ടത്. കാറിനൊപ്പം‌ 18 ഫാനുകളും ഒരു ഐഫോൺ ഉൾപ്പടെ മൂന്ന്‌ മൊബൈൽ ഫോണുകളും നഷ്‌ടമായിരുന്നു.

ഐഫോണിന്റെ ഐഎംഇ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. ഫോൺ പാലക്കാട്‌ സ്വദേശി ഉപയോഗിക്കുന്നതായി മനസിലാക്കി. അക്ബർ അലിയിൽ നിന്നാണ് ഫോൺ ലഭിച്ചതെന്ന്‌ പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു.

എഎസ്ഐ സുനിൽ, സീനിയർ സിപിഒമാരായ മുഹമ്മദ് റഫീഖ്, അനിൽകുമാർ, സിപിഒമാരായ ശ്രീജിത്ത്, ചന്ദ്രശേഖരൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Malabar News:  കൊരട്ടിയിലെ ഭക്ഷണശാലകളിൽ മിന്നൽ പരിശോധന; 4 കടകൾക്ക് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE