അതി ജീവനത്തിന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് മലബാര്‍ ന്യൂസ് പുനരാരംഭിക്കുകയാണ്

By Esahaque Eswaramangalam, Chief Editor
  • Follow author on
Malabar News Logo
Malabar News Logo
Ajwa Travels

തി ശക്‌തമായ ഭരണഘടനയുടെ കരുത്തില്‍ ആത്‌മ വിശ്വാസത്തോടെ നാം പിന്നിട്ട 73 വര്‍ഷങ്ങള്‍. അതിലെ ഏറ്റവും സുപ്രധാനമായ വര്‍ഷമാണ് നമ്മെ കടന്നു പോകുന്ന 2020. ഈ 73 വര്‍ഷത്തിനിടയില്‍ അതിജീവനത്തിന്റെ പോരാട്ടം ഇത്രമാത്രം ശക്‌തമാക്കേണ്ടി വന്ന ഒരു കാലം ഇന്ത്യന്‍ ജനതക്ക് ഉണ്ടായിട്ടില്ല. തിൻമയുടെ മഹാ മാരിയായ കോവിഡ് 19 മനുഷ്യരാശിയെ വേട്ടയാടി ഉറഞ്ഞു തുളളുന്ന ഈ 2020 നമുക്കോ ഇനി വരുന്ന തലമുറകള്‍ക്കോ മറക്കാന്‍ സാധിക്കുന്നതല്ല. ഇന്ത്യയിലെന്നല്ല, ആഗോളതലത്തില്‍ ഇത്രത്തോളം ആഘാതമുണ്ടാക്കിയതും ഒരു ശരാശരി വ്യക്‌തിയുടെ ദൈനംദിന ജീവിതത്തെ ഇത്രത്തോളം പിടിച്ചുലച്ചതുമായ ഒന്നും തന്നെ ആധുനിക മാനവരാശിയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ലോക മഹാ യുദ്ധങ്ങള്‍ പോലും!

ആധുനിക മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഈ 2020 ലെ ഓഗസ്‌റ്റ് 15നെ ഞങ്ങള്‍ തിരഞ്ഞെടുക്കുകയാണ്; മലബാര്‍ ന്യൂസ് ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ മാദ്ധ്യമ സംരംഭത്തെ വീണ്ടും നിങ്ങളുടെ മുന്നിലേക്കെത്തിക്കാന്‍. അതെ, പുതിയ നേതൃ നിരയുടെ ഉടമസ്‌ഥതയിൽ, ഏറ്റവും പുതിയ സാങ്കേതികത്തികവോടെ മലബാര്‍ ന്യൂസ് ഡോട്ട് കോം ഇന്ന് മുതല്‍ ‘സാങ്കേതികമായി’ വായനക്കാര്‍ക്ക് ലഭ്യമായി തുടങ്ങുകയാണ്. വരുന്ന മൂന്നു മാസം പരീക്ഷണ പ്രവര്‍ത്തന നാളുകളായാണ് ഞങ്ങള്‍ സ്വയം പരിഗണിക്കുന്നത്. അത് കൊണ്ടാണ് ‘സാങ്കേതികമായി’ എന്ന വാക്ക് ഉപയോഗിച്ചത്.

പരീക്ഷണ പ്രവര്‍ത്തനകാലത്തിന് ശേഷം, 2022 മാർച്ച് മാസത്തില്‍ നമ്മുടെ ഔദ്യോഗിക ഉല്‍ഘാടനം കോഴിക്കോട് വെച്ച് നടക്കും. ഉല്‍ഘാടന ചടങ്ങിലേക്കുള്ള ക്ഷണം ഓരോ വായനക്കാര്‍ക്കുമായി ഞങ്ങളിവിടെ പ്രസിദ്ധീകരിക്കും. പങ്കെടുക്കണം. ഇപ്പോഴുള്ള ഈ വാര്‍ത്താ പോര്‍ട്ടല്‍ സദയം സ്വീകരിക്കുക. വിലയിരുത്തുക. അഭിപ്രായങ്ങള്‍ അറിയിക്കുക. കൂടുതല്‍ മെച്ചപ്പെടാന്‍ ഞങ്ങളെ സഹായിക്കുക.

നാം ഭാഗ്യവാൻമാരാണ്; ജാഗ്രത അനിവാര്യവുമാണ്

ഞാന്‍ ചിന്തിക്കുകയാണ്; ഇത്തരമൊരു കാല ഘട്ടത്തില്‍ മലബാര്‍ ന്യൂസ് പുനരാരംഭിക്കാനും അതിലെനിക്ക് മുഖ പ്രസംഗം എഴുതാനും താങ്കള്‍ക്കത് വായിക്കാനും സാധ്യമാകുന്നു! ഒരു പ്ലാസ്‌റ്റിക്‌ കവറിലൂടെയോ കൈകളിലേക്ക് വരുന്ന നോട്ടുകളിലൂടെയോ വായിക്കാനെടുക്കുന്ന പത്രത്തിലൂടെയോ പോലും നമ്മിലേക്കത്തുന്ന കോവിഡില്‍ നിന്ന് മാറി നടക്കാന്‍ നമുക്ക് ഈ നിമിഷം വരെ സാധിച്ചു. അതുമല്ലങ്കില്‍ രോഗാണുവിനെ അതിജീവിക്കാനുള്ള ശേഷി നമ്മുടെ ശരീരത്തിന് ഉണ്ടായി. രണ്ടാണെങ്കിലും നാം ഭാഗ്യവാൻമാരല്ലാതെ മറ്റാരാണ്! ആ മഹാ ഭാഗ്യത്തില്‍ തുടരാനുള്ള പ്രകൃതിയുടെ കാവല്‍ നമുക്കേവര്‍ക്കും തുടര്‍ന്നും ഉണ്ടാകട്ടെ

2019 ഡിസംബറില്‍ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ്, ഇത് ടൈപ്പ് ചെയ്യുമ്പോഴുള്ള കണക്കനുസരിച്ച്; 195ലെ 188 രാജ്യങ്ങളിലായി 2 കോടി 9 ലക്ഷം പേരെ രോഗം ബാധിച്ചു, ഇതില്‍ 1 കോടി 30 ലക്ഷം പേര്‍ കോവിഡിനെ അതി ജീവിച്ചു. 7 ലക്ഷത്തി 60നായിരം പേരെ നമ്മില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്‌തു. ബാക്കിയുള്ളവര്‍ ചികിൽസയിലോ നിരീക്ഷണത്തിലോ തുടരുന്നു. 2019 ജനുവരി 30ന് കേരളത്തിലെ തൃശൂരില്‍ നിന്ന്, രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ‌ത ത് മുതല്‍ ഈ നിമിഷം വരെ നമ്മുടെ സംസ്‌ഥാനത്തിനും നഷ്‌ടമായി 139 പേരെ. ഈ സംഖ്യകള്‍ ഇനിയും കൂടാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

അതീവ സൂക്ഷ്‌മ രോഗാണുവായ കോവിഡ് 19 ഇങ്ങിനൊയൊക്കെ നമ്മെ വേട്ടയാടുമ്പോഴും അതി ജീവനത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് നാം മുന്നേറുകയാണ്. തീര്‍ച്ചയായും അത് തന്നെയാണ് വേണ്ടതും. പക്ഷെ, കോവിഡ് രോഗാണുവിനോടുള്ള പോരാട്ടത്തിലെ സങ്കീര്‍ണ്ണമായ അവസാന പാദത്തിലേക്ക് കടക്കുകയാണ് നാമെന്ന യാഥാര്‍ഥ്യം മറന്നു കൊണ്ടാകരുത് മുന്നോട്ടുള്ള പ്രയാണം. യഥാർഥത്തിൽ അതീവ ജാഗ്രത ആവശ്യമുള്ള ഘട്ടത്തിലൂടെയാണ് ഓരോ ഇന്ത്യക്കാരനും കടന്നു പോകേണ്ടത്. വിശേഷിച്ചും കേരളമെന്ന ജനനിബിഡമായ ഒരു സംസ്‌ഥാനത്ത്‌ ജീവിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട മാസങ്ങളാണ് ഇനി മുന്നിലുള്ളത്.

ശാസ്‌ത്രലോകം എത്രയും വേഗത്തില്‍, ശരിയായ പ്രതിരോധ മരുന്ന് കണ്ടെത്തട്ടെ. അത് വരെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാനായി അഹോരാത്രം ആത്‌മാർഥമായി സേവനമനുഷ്‌ടിക്കുന്ന ആരോഗ്യ മേഖലയില്‍ ഉള്ളവര്‍, പോലീസ് സേനയില്‍ ഉള്ളവര്‍, മറ്റു ഭരണകൂട സംവിധാനങ്ങളിലെ പ്രവര്‍ത്തകര്‍… എല്ലാവര്‍ക്കും മലബാര്‍ ന്യൂസ് പ്രവര്‍ത്തകരുടെ കൂപ്പ് കൈ.

വലിയ പ്രഖ്യാപനങ്ങളൊന്നും മുന്നോട്ടു വെക്കാതെ, മലബാര്‍ ന്യൂസ് ഡോട്ട് കോമിനെ സസ്‌നേഹം വായനക്കാര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.

ചീഫ് എഡിറ്റര്‍
ഇസഹാഖ് ഈശ്വരമംഗലം

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE