ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ, കളർകോട് അപകടത്തിന്റെ കാരണം വാഹനത്തിലെ അമിത ഭാരമാണെന്ന് ആലപ്പുഴ ആർടിഒ വ്യക്‌തമാക്കി. വാഹനത്തിന്റെ പഴക്കവും ഒപ്പം കനത്ത മഴയും അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് ആർടിഒ മാദ്ധ്യമങ്ങളോട് പറഞ്ഞു.
14 വർഷം പഴക്കമുള്ള കാറാണ് വിദ്യാർഥികൾ ഉപയോഗിച്ചത്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനം ഇല്ലായിരുന്നു. റോഡിൽ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവർക്ക് കിട്ടിയില്ല. ഒരു വസ്‌തു മുന്നിൽ കണ്ട് കാർ വെട്ടിച്ചെന്നായിരുന്നു ഡ്രൈവർ ആയിരുന്ന വിദ്യാർഥി പറഞ്ഞത്. എന്നാൽ, വീഡിയോയിൽ ഇത് കാണുന്നില്ല. അതിനാൽ സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കുമെന്നും ആർടിഒ പറഞ്ഞു.
വാഹനം അനധികൃതമായിട്ടാണ് വിദ്യാർഥികൾക്ക് നൽകിയത്. റെന്റ് എ ക്യാബ് എന്ന സംവിധാനം സംസ്‌ഥാനത്തുണ്ട്. എന്നാൽ, ഇവിടെ ഒരു വ്യക്‌തി സ്വകാര്യ വാഹനം വിദ്യാർഥികൾക്ക് നൽകുകയായിരുന്നു. കാർ ഉടമസ്‌ഥനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ആർടിഒ അറിയിച്ചു.
ഇന്നലെ രാത്രി 9.20ഓടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്. ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാർ പൂർണമായും തകർന്നു. വണ്ടാനത്തെ ഗവ. മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. 11 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആറുപേർ ചികിൽസയിലാണ്.
കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോടക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് ശേഖരപുരം ശ്രീവിഹാറിൽ കെടി ശ്രീവൽസന്റെ മകൻ ശ്രീദീപ് വൽസൻ (19), മലപ്പുറം കോട്ടയ്‌ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്‌ണവത്തിൽ എഎൻ ബിനുരാജിന്റെ മകൻ ബി ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്‍ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്‌റാഹിം (19) എന്നിവരാണ് മരിച്ചത്. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥികളാണ്.
ഒരാൾ സംഭവ സ്‌ഥലത്തും നാലുപേർ ആശുപത്രിയിൽ എത്തിയ ശേഷവുമാണ് മരിച്ചത്. മരിച്ചവരുടെ ഇൻക്വസ്‌റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പോസ്‌റ്റുമോർട്ടം നടപടികൾ അൽപ്പസമയത്തിനകം പൂർത്തിയാകും. വിദ്യാർഥികൾ പഠിച്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി