കോഴിക്കോട്: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) ജലവൈദ്യുത ഉൽപ്പാദന രംഗത്തേക്ക്. സിയാലിന്റെ നേതൃത്വത്തിൽ നിർമിച്ച കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഞ്ഞിപ്പുഴയിലാണ് സിയാൽ ജലവൈദ്യുത നിലയം നിർമിച്ചിട്ടുള്ളത്. 4.5 മെഗാ വാട്ട് സംഭരണശേഷിയുള്ള നിലയമാണ് സ്‌ഥാപിച്ചിട്ടുള്ളത്.
52 കോടിയാണ് പദ്ധതിക്കായി ചിലവഴിച്ചിരിക്കുന്നത്. 32 ഭൂവുടമകളിൽ നിന്നായി ഏറ്റെടുത്ത അഞ്ച് ഏക്കർ സ്‌ഥലത്താണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ് പദ്ധതി. വലിയ അണകെട്ടി വെള്ളം സംഭരിക്കേണ്ട. അതിനാൽ തന്നെ പാരിസ്‌ഥിതികാഘാതം കുറവാണ്. പുഴയിൽ പൂർണ തോതിൽ ഒഴുക്കുള്ള നിലയിൽ പ്രതിദിനം 1.08 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി തൽസമയം കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകും. പദ്ധതിയുടെ പരീക്ഷണ പ്രവർത്തനങ്ങൾ ഈ മാസം മുതൽ ആരംഭിച്ചിട്ടുണ്ട്.
നവംബർ ആറിന് രാവിലെ 11ന് ആണ് ഉൽഘാടന ചടങ്ങുകൾ നടക്കുക. ഓൺലൈൻ വഴിയാണ് ഉൽഘാടനം നടത്തുക. കേരള സംസ്‌ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുത നയം പ്രകാരമാണ് സിയാലിന് പദ്ധതി അനുവദിച്ചത്. പുനരുപയോഗ സാധ്യത ഇല്ലാത്ത ഊർജ സ്രോതസിൻമേലുള്ള ആശ്രയം കുറയ്‌ക്കാൻ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികൾ കൊണ്ട് സാധിക്കുമെന്ന് സിയാൽ മാനേജിങ് ഡയറക്‌ടർ എസ് സുഹാസ് പറഞ്ഞു.
Most Read: തിരുവനന്തപുരം മേയറെ അധിക്ഷേപിച്ച് കെ മുരളീധരൻ