തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ വ്യക്‌തി അധിക്ഷേപം നടത്തി കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. മേയര്‍ക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടാണെന്ന് മുരളീധരന്‍ അധിക്ഷേപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനെതിരായ നികുതി വെട്ടിപ്പ് ആരോപണത്തിലെ കോണ്‍ഗ്രസ് സമര വേദിയിലായിരുന്നു മുരളീധരന്റെ അധിക്ഷേപ പരാമർശങ്ങൾ.
“കാണാന്‍ നല്ല സൗന്ദര്യം ഒക്കെയുണ്ട്, ശരിയാ… പക്ഷെ വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയ്‌ത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇത്തരത്തില്‍ നിരവധി പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കില്‍ മേയറെ നോക്കി ‘കനക സിംഹാസനത്തില്‍’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും,”- മുരളീധരന്‍ പറഞ്ഞു.
അതേസമയം നഗരസഭാ നികുതി ക്രമക്കേടില്‍ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ ആദ്യം നടപടി സ്വീകരിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഗുരുതരമാകില്ലായിരുന്നു എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉദ്യോഗസ്‌ഥരെ സംരക്ഷിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
Most Read: മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം