തിരുവനന്തപുരം: മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 2018ലെ പ്രളയത്തിനുശേഷം സംസ്‌ഥാന സര്‍ക്കാര്‍ അതിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഇത്തവണ നടപടികള്‍ സ്വീകരിച്ചില്ല, ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്‌ചയുണ്ടായതായി പ്രതിപക്ഷം ആരോപിച്ചു.
സംസ്‌ഥാന പോലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരുമെല്ലാം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ദുരന്തത്തിന്റെ വ്യാപ്‌തി കുറയ്‌ക്കാൻ ഇടപെടല്‍ നടത്തുകയും ചെയ്‌തു. പക്ഷേ സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ തികഞ്ഞ പരാജയമായിരുന്നെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.
ദുരന്ത നിവാരണ അതോറിറ്റിയുടെ തലവനെ വിദേശത്ത് ഊരുചുറ്റാന്‍ അനുവദിച്ചിരിക്കുകയാണ്. പ്രളയമേഖലാ മാപ്പിങ് സംസ്‌ഥാന സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല. കുസാറ്റിന്റെ മുന്നറിയിപ്പും കണക്കിലെടുത്തില്ല. പന്തം കണ്ട പെരുച്ചാഴിയെ പോലെ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ നോക്കിനില്‍ക്കുന്ന സാഹചര്യമാണ് ദുരന്ത മേഖയിലുണ്ടായതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
എന്നാൽ, തീവ്രമഴ പ്രവചിക്കുന്നതില്‍ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന് വീഴ്‌ചയുണ്ടായതായി സംസ്‌ഥാന സര്‍ക്കാര്‍ അറിയിച്ചു. കോട്ടയത്ത് ദുരന്ത സമയത്ത് കേന്ദ്രം നല്‍കിയത് ഗ്രീന്‍ അലര്‍ട് മാത്രമാണെന്നും റവന്യൂമന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു റവന്യൂമന്ത്രി.
Read Also: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും