തീപ്പിടിത്തവും അവിശ്വാസവും; പ്രതികരണവുമായി മുഖ്യമന്ത്രി

By Desk Reporter, Malabar News
Pinarayi vijayan reply_2020 Aug 27
Ajwa Travels

തിരുവനന്തപുരം: ഇന്നത്തെ പത്രസമ്മേളനത്തിലാണ് പുതിയ വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്ന പ്രതികരണങ്ങളുമായി എത്തിയത്. അവിശ്വാസ പ്രമേയത്തിലെ മാരത്തോൺ പ്രസംഗവും സെക്രട്ടറിയേറ്റിലെ തീപ്പിടിത്തവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അവിശ്വാസ പ്രമേയത്തിന്റെ ചർച്ചയുടെ വേളയിൽ മുഖ്യമന്ത്രി കൂടുതൽ സമയമെടുത്തു സംസാരിച്ചു എന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. “മറുപടി നീണ്ടതിൽ പ്രതിപക്ഷത്തിന് ആക്ഷേപമുണ്ടാവും, സഭയിൽ ഭൂരിപക്ഷം ലഭിക്കില്ലയെന്നറിഞ്ഞിട്ടും അവർ പ്രമേയവുമായി എത്തിയത് ജനങ്ങൾക്ക് മുൻപിലാണെന്ന് പറഞ്ഞിരുന്നു, എന്നാൽ ജനങ്ങൾക്ക് സർക്കാരിനോട് മതിപ്പേയുള്ളൂ, ഓരോന്നും എടുത്ത് പറയുമ്പോഴും ഞാൻ ചോദിച്ചു, ഇതിലാണോ അവിശ്വാസമെന്ന്, മുഴുവൻ പറയാൻ തുടങ്ങിയാൽ നാലര മണിക്കൂറെങ്കിലും എടുക്കും “അദ്ദേഹം വ്യക്തമാക്കി.

മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗത്തിൽ സർക്കാരിന്റെ ഭരണനേട്ടങ്ങളാണ് മുഖ്യമന്ത്രി സഭയിൽ ഊന്നിപറഞ്ഞത്. എന്നാൽ പ്രസംഗം പുരോഗമിക്കവേ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ലൈഫ് മിഷൻ, സ്വർണക്കടത്ത് കേസ് എന്നിവയിൽ വ്യക്തമായ മറുപടി മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചില്ല എന്നതായി പ്രതിപക്ഷത്തിന്റെ ആരോപണം. “ലൈഫിനെ ക്കുറിച്ച് തെറ്റായി വിശദീകരിച്ചപ്പോൾ ചോദ്യം ചെയ്തു, മുഖത്തു നോക്കി കള്ളാ കള്ളാ എന്ന് വിളിക്കുകയായിരുന്നു പ്രതിപക്ഷം”- മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിന്റെ കാര്യാലയത്തിൽ തീപ്പിടിത്തമുണ്ടായതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു.

“സെക്രട്ടേറിയറ്റിൽ ചില നിയന്ത്രണങ്ങളുണ്ട്. അതൊന്നും പാലിക്കാതെ ചാടി അകത്തുകയറി. ഒരു കാര്യമുണ്ടാകുമ്പോൾ അങ്ങനയാണോ ചെയ്യേണ്ടത്. ആദ്യം ബിജെപിയെത്തി. ചില കാര്യങ്ങൾ അങ്ങനെയാണല്ലോ. ആദ്യം സുരേന്ദ്രനെത്തും, പിന്നീട് യുഡിഎഫ് ഏറ്റെടുക്കും” – മുഖ്യമന്ത്രി പരിഹസിച്ചു.

പ്രോട്ടോകോൾ വിഭാഗത്തിലെ സുപ്രധാന ഫയലുകൾ സൂക്ഷിച്ച ഓഫീസിലാണ് ചൊവ്വാഴ്ച തീപ്പിടിത്തമുണ്ടായത്. ഇതിനെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം കലാപഭൂമിയായി മാറിയിരുന്നു. പ്രതിപക്ഷവും ബിജെപിയും സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ ഐജി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനത്തിൽ എത്തിയതായി പോലീസ് ഇപ്പോൾ പറയുന്നു.

എൻഐഎ ആവശ്യപ്പെട്ട എല്ലാ ഫയലുകളും കൈമാറിയെന്നാണ് മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. സുപ്രധാന രേഖകൾ എല്ലാം തന്നെ സുരക്ഷിതമാണെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ കോൺഗ്രസ്സും ബിജെപിയും മറുപടിയിൽ തൃപ്തരല്ല. സോളാർ കേസിനു ശേഷം കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ യുദ്ധമാണ് ഇരുമുന്നണികളും തമ്മിൽ നടക്കുന്നത്. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി ഇക്കുറി ബിജെപിയുടെ നിറ സാന്നിധ്യം എടുത്ത് പറയേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE