ഗുരുവായൂർ: കവിയും കഥാകാരനും ചിത്രകാരനും വാസ്തുശിൽപ വിദഗ്ധനുമായിരുന്ന ചന്ദ്രൻ പെരിങ്ങാടിന്റെ സ്മരണകളെ ഹൃദയത്തിൽ ചേർത്തുപിടിച്ച് സുഹൃത്തുക്കളും സഹയാത്രികരും കലാസാംസ്കാരിക പ്രവർത്തകരും ഗുരുവായൂരിൽ ഒത്തുകൂടി.
ഗുരുവായൂരിലെ പിഐ ആന്റോയുടെ വസതിയിലായിരുന്നു ഹൃദയ സ്പർശിയായ ഒത്തുചേരൽ. ചന്ദ്രന്റെ വാസ്തുശിൽപ വൈദഗ്ധ്യത്തിന്റെ സൃഷ്ടിപരമായ കാഴ്ചപ്പാടും കലാബോധവും വ്യക്തമായി പ്രതിഫലിക്കുന്ന പിഐ ആന്റോയുടെ വസതി തന്നെ സ്മരണാഞ്ജലി വേദിയായത് സൗഹൃദങ്ങൾക്ക് ആശ്വാസമായി.
ചന്ദ്രൻ പെരിങ്ങാട് കവി മാത്രമായിരുന്നില്ല, കഥകളിലൂടെ ജീവിതത്തെ വായിച്ചറിയുകയും ചിത്രങ്ങളിലൂടെ കാലത്തിന്റെ സൗന്ദര്യവും വേദനയും പകർത്തുകയും വാസ്തുശിൽപത്തിലൂടെ സൗന്ദര്യബോധത്തെ ജീവിതവുമായി കൂട്ടിയിണക്കുകയും ചെയ്ത ബഹുമുഖ പ്രതിഭയായിരുന്നു. കലയും ജീവിതവും വേർതിരിക്കൽ അസാധ്യമാണെന്ന വിശ്വാസത്തോടെ ജീവിച്ച അദ്ദേഹം, സാമൂഹിക ഉത്തരവാദിത്തമുള്ള കലാകാരന്റെ മാതൃകയായിരുന്നു എന്ന് അനുസ്മരണത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സമകാലിക സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ചന്ദ്രൻ നിരവധി ജനകീയ സമരങ്ങളിൽ പങ്കെടുത്തിരുന്നതായും, നീതിക്കും മനുഷ്യാവകാശങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി നടന്ന പോരാട്ടങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം എന്നും ശ്രദ്ധേയമായിരുന്നുവെന്നും സുഹൃത്തുക്കൾ ഓർമ്മിച്ചു. സമരമുഖങ്ങളിലും സാഹിത്യ സദസുകളിലും കലാവേദികളിലും ഒരുപോലെ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് പ്രചോദനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ചന്ദ്രനോടൊപ്പമുള്ള യാത്രകളുടെയും സൗഹൃദങ്ങളുടെയും കലാസംവാദങ്ങളുടെയും അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അനുസ്മരണവേദി പലപ്പോഴും വികാരനിർഭരമായി. ചന്ദ്രന്റെ വിപുലമായ സൗഹൃദവലയത്തിൽപ്പെട്ട വിവിധ മേഖലകളിൽ നിന്നുള്ള അമ്പതോളം പേരാണ് സ്മരണാഞ്ജലി സംഗമത്തിൽ പങ്കെടുത്തത്. സാഹിത്യകാരൻമാർ, ചിത്രകാരൻമാർ, സാംസ്കാരിക പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.
ഫാദർ ജോസ് തത്രത്തിൽ, എം ഫൈസൽ, അശോകൻ നമ്പഴിക്കാട്, പിഐ ആന്റോ, മേഴ്സി ജോയ്, സുനിൽ ബാലകൃഷ്ണൻ, തോംസൺ ആന്റണി തുടങ്ങി അമ്പതോളം പേർ ചടങ്ങിൽ പങ്കെടുത്തു. ചന്ദ്രൻ പെരിങ്ങാട് വിടവാങ്ങിയെങ്കിലും അദ്ദേഹം പരത്തിയ ചിന്തകളുടെയും സൗഹൃദത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ‘നിലാവ്’ തലമുറയുടെ അനേകം ഹൃദയങ്ങളിൽ പ്രകാശിക്കുമെന്നും സ്മരണാഞ്ജലിവേദി സാക്ഷ്യപ്പെടുത്തി.
(റിപ്പോർട്ട്: അലാവുദ്ദീൻ ബ്രഹ്മകുളം)
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





























