കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടി നല്കിയ ലൈംഗികപീഡന പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വിജയ് ബാബുവിന്റെ അമ്മ. പരാതിക്ക് പിന്നില്‍ എറണാകുളത്തെ സിനിമാപ്രവര്‍ത്തകരുടെ ഒരു സംഘമാണെന്നും ഇവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് പരാതി തയ്യാറാക്കിയതെന്നും കത്തില്‍ പറയുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയില്ലെന്ന വിരോധത്തിലാണ് നടി സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ട് നല്കിയ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നീതി ഉറപ്പ് വരുത്തണമെന്നുമാണ് ആവശ്യം. തന്റെ അന്വേഷണത്തിലും വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ്, വ്യാജപരാതിയാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമായതെന്നും വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
അതേസമയം, ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ പോലീസ് തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇയാള്‍ക്കായി ഇന്റര്‍പോള്‍ ബ്ളൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതുവരെ യുഎഇയില്‍ നിന്ന് കൊച്ചി പോലീസിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യുഎഇ എംബസിയിലും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇയാളുടെ മേല്‍വിലാസം കിട്ടിയാല്‍ മാത്രമേ അടുത്തപടിയായ റെഡ്കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനാകൂ. റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ബന്ധപ്പെട്ടയാളെ നാട്ടിലേക്ക് കയറ്റി അയക്കാന്‍ അവിടുത്തെ പോലീസ് നിര്‍ബന്ധിതരാകും. മേല്‍വിലാസം കിട്ടാത്തതിനാൽ വഴിയും അടഞ്ഞിരിക്കുകയാണ്.
Most Read: മോൻസൺ കേസ്; മോഹൻലാൽ നേരിട്ട് ഹാജരാകണം, നോട്ടീസയച്ച് ഇഡി