അമൃത്‌സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ പാർട്ടി അപമാനിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. അമരീന്ദറിനെ പാര്‍ട്ടി കുറേകാലം മുഖ്യമന്ത്രിയായി നിലനിര്‍ത്തിയെന്നും അതെങ്ങനെയാണ് അപമാനമാവുക എന്നും റാവത്ത് ചോദിച്ചു. കോണ്‍ഗ്രസില്‍ തനിക്ക് അപമാനം ഉണ്ടായെന്ന അമരീന്ദര്‍ സിംഗിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു റാവത്ത്.
അമരീന്ദര്‍ സിംഗ് നിലവിൽ ബിജെപിയോട് കാണിക്കുന്ന അടുപ്പം അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും റാവത്ത് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചതിന് പിന്നാലെ അമരീന്ദര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്‌ച നടത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ കോൺഗ്രസിൽ നിന്ന് രാജിവെച്ചത് ബിജെപിയിലേക്ക് പോകാനാണെന്ന വാദം ഉയർന്നത്. എന്നാല്‍ താന്‍ ബിജെപിയില്‍ പോകില്ലെന്ന് വ്യക്‌തമാക്കി അമരീന്ദര്‍ രംഗത്തു വന്നിരുന്നു.
അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നുമാണ് അമരീന്ദർ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്‍ഡിടിവിയോട് ആയിരുന്നു അമരീന്ദറിന്റെ പ്രതികരണം. കോൺഗ്രസ് തനിക്ക് ഇത്തരമൊരു പരിഗണയല്ല തരേണ്ടതെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു. എന്നാൽ അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ അമരീന്ദര്‍ സിംഗ് ഒരു പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read also: ഉപഗ്രഹത്തിൽ നിന്ന് ഇന്റർനെറ്റ്; അടുത്ത വർഷം ആരംഭിക്കുമെന്ന് സ്‌റ്റാർലിങ്ക് ഇന്ത്യ