കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്‌ണൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരം വട്ടപ്പാറ എസ്‍യുടി ആശുപത്രിയിലായിരുന്നു മരണം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം.
തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വട്ടപ്പാറയിൽ വച്ച് ദേഹാസ്വാസ്‌ഥ്യമുണ്ടായ അദ്ദേഹത്തെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
ചടയമംഗലം മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും ആയിരുന്ന പ്രയാര്‍ മിൽമയുടെ മുൻ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡണ്ടും കെഎസ്‍യുവിന്റെ മുൻ സംസ്‌ഥാന അധ്യക്ഷനുമായിരുന്നു. 2001ലാണ് ചടയമംഗലത്ത് നിന്നും ജയിച്ച് എംഎൽഎ ആയത്.
സഹകരണ സ്‌ഥാപനമായ മിൽമയുടെ ചെയര്‍മാനായി ദീര്‍ഘകാലം ഗോപാലകൃഷ്‌ണൻ പ്രവര്‍ത്തിച്ചു. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായ പ്രയാര്‍ യുവതീ പ്രവേശനത്തെ ശക്‌തമായി എതിർത്തിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടിയ പ്രയാറിനെ ഓര്‍ഡിനൻസിലൂടെ സർക്കാർ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്‌ഥാനത്ത് നിന്നും നീക്കി. എന്നാൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രയാർ സുപ്രീംകോടതി വരെ നിയമപോരാട്ടവും നടത്തിയിരുന്നു.
പ്രയാർ ഗോപാലകൃഷ്‌ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും മിൽമയെയും നയിച്ച അദ്ദേഹം ദീർഘകാലമായി സഹകരണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ടെന്നും അദേഹത്തിന്റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Most Read: തലവേദന ഒഴിയാതെ പഞ്ചാബ് കോണ്‍ഗ്രസ്; മുന്‍ മന്ത്രിയടക്കം നിരവധിപേര്‍ ബിജെപിയിലേക്ക്