കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് വൈകീട്ട് നാല് വരെ; ഫലം 19ന് അറിയാം

22 വർഷത്തിന് ശേഷം കോൺഗ്രസ്‌ ദേശീയ അധ്യക്ഷ പദത്തിലേക്ക് നടക്കുന്ന മൽസരമാണ് ഇന്നത്തേത്. 9000ത്തിന് മുകളിൽ അംഗങ്ങൾ 68 ബൂത്തുകളിലായി രഹസ്യബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തും. 19ന് വൈകിട്ട് അഞ്ചുമണിക്ക് മുൻപ് ദേശീയ അധ്യക്ഷൻ ആരെന്നറിയാം.

By Central Desk, Malabar News
Congress National President Election Tomorrow
Ajwa Travels

ന്യൂഡെൽഹി: 22 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കോൺഗ്രസ്‌ ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പത്തുമുതൽ വൈകീട്ട് നാല് വരെയാണ് സംഘടനാ അംഗങ്ങൾക്ക് വോട്ടു ചെയ്യാനുള്ള സമയ പരിധി. 2000ത്തിൽ സോണിയാ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദ് തോൽവി ഏറ്റുവാങ്ങിയതാണ് അധ്യക്ഷ സ്‌ഥാനത്തേക്കുള്ള അവസാന മൽസരം. പാർട്ടിയുടെ 137 വർഷത്തെ ചരിത്രത്തിൽ നടക്കുന്ന ആറാമത്തെ തിരഞ്ഞെടുപ്പാണിത്.

ഏറ്റവും കൂടുതൽ വോട്ടർമാരുള്ള യുപിയിൽ (1238 വോട്ടർമാർ) ശശി തരൂർ പ്രചാരണം അവസാനിപ്പിച്ചപ്പോൾ സ്വന്തം സംസ്‌ഥാനമായ കർണാടകയിലാണ് മല്ലികാർജുൻ ഖർഗെ പ്രചാരണം അവസാനിപ്പിച്ചത്. ശശി തരൂരും മല്ലികാർജുൻ ഖർഗെയും ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സംഘടനാ പ്രതിനിധികളായ 9376 പേരാണ് വോട്ടര്‍മാരാകുക.

രഹസ്യ ബാലറ്റിലൂടെ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത് 19നാണ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തുമാണ് സജ്‌ജീകരിച്ചിട്ടുള്ളത്.

ഔദ്യോഗിക സ്‌ഥാനാർഥി എന്ന പരിഗണനയില്‍ ഭൂരിപക്ഷം പിസിസികളും, നേതാക്കളും ഖര്‍ഗെയെ പിന്തുണക്കുന്നതായാണ് കാണാൻ കഴിയുന്നത്. രഹസ്യബാലറ്റില്‍ പ്രതീക്ഷ വെയ്‌ക്കുന്ന തരൂരിന് മധ്യപ്രദേശില്‍ മാത്രമാണ് നല്ല സ്വീകരണം കിട്ടിയത്.

മല്ലികാർജുൻ ഖർഗെക്ക് അനുകൂലമായ ഹൈക്കമാൻഡ് സൂചനകൾക്ക് അപ്പുറത്തേക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ വിജയവും അത് സംഭവിച്ചില്ലെങ്കിൽ 1000+ വോട്ടുമാണ് തരൂർ പ്രതീക്ഷിക്കുന്നത്. പ്രവർത്തക സമിതി, വർക്കിങ് പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് ഇതിലേതെങ്കിലും പദവിയാണ് തരൂർ ആഗ്രഹിക്കുന്നത്.

9376 വോട്ടര്‍മാരിൽ മൂവായിരത്തോളം പേരുടെ ഫോണ്‍ നമ്പറോ വിലാസമോ ഇല്ലായിരുന്നു എന്ന പരാതി തരൂർ ഉന്നയിച്ചിരുന്നു. വോട്ടർ പട്ടികയില്‍ വ്യക്‌തത ആവശ്യപ്പെട്ട് തരൂരിന്റെ ആദ്യ പരാതി ഉയർന്നിരുന്നു. തുടർന്ന് വിശദാംശങ്ങള്‍ സംഘടിപ്പിച്ച് പുതിയ പട്ടിക കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പ് കേന്ദ്ര അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രി തരൂരിന് കൈമാറിയിരുന്നു. പുതുക്കി നല്‍കിയ പട്ടികയില്‍ ആദ്യമുണ്ടായിരുന്ന അഞ്ഞൂറ് പേരെ മാറ്റി പുതിയ അറുനൂറ് പേരെ ചേര്‍ത്തിരുന്നു.

ഇതേ തുടർന്ന് വീണ്ടും തിരഞ്ഞെടുപ്പ് സമിതിയെ തരൂര്‍ പരാതി അറിയിച്ചു. എന്നാല്‍ പട്ടികയിലെ മാറ്റത്തെ കുറിച്ച് വ്യക്‌തത വരുത്താന്‍ തയ്യാറാകാത്ത മധുസൂദൻ മിസ്‌ത്രി തരൂരിന്റെ പരാതി തള്ളിക്കളഞ്ഞു. ഒരേ പട്ടിക നല്‍കിയിട്ട് ഖാര്‍ഗെക്ക് പരാതിയില്ലല്ലോയെന്ന് ചോദ്യവും തരൂരിന് എതിരെ മിസ്‌ത്രി ഉന്നയിച്ചിരുന്നു.

80കാരനായ മല്ലികാർജുൻ ഖർഗെ 1962ൽ തന്റെ ഇരുപതാം വയസിൽ കോൺഗ്രസിലെത്തുകയും പടിപടിയായി വളർന്ന് ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ നേതാവായിട്ടുള്ള ഇദ്ദേഹം കർണാടകയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ്. ഏഴ് തവണ സംസ്‌ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, പത്ത് തവണ നിയമസഭാംഗം, രണ്ട് തവണ ലോക്‌സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഖാർഗെ 2020 മുതൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു.

ബാല്യകാലം മുതൽ കോൺഗ്രസ്‌ അനുഭാവിയായ 66കാരനായ ശശി തരൂർ ഇന്ത്യയിൽ നിന്നുള്ള മുൻ യുഎൻ നയതന്ത്രജ്‌ഞനും ലോക പ്രശസ്‌ത എഴുത്തുകാരനുമാണ്. 1978 മുതൽ 2007 വരെ ഐക്യരാഷ്‌ട്രസഭയിൽ പ്രവർത്തിച്ചു. മലയാളി മാതാപിതാക്കളുടെ മകനായി 1956ൽ ലണ്ടനിൽ ജനിച്ച ഇദ്ദേഹം കൽക്കട്ടയിലും ബോംബെയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം നേടി.

ഐക്യരാഷ്‌ട്രസഭയിൽ വാർത്താവിനിമയവും പബ്‌ളിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. യുഎൻ സെക്രട്ടറി ജനറൽ സ്‌ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മൽസരിച്ചിട്ടുള്ള ഇദ്ദേഹം അന്തർദേശീയ മാദ്ധ്യമങ്ങൾ വീക്ഷിക്കുന്ന മികച്ച പ്രാസംഗികനും കൂടിയാണ്‌.

യുഎൻ ഉത്തരവാദിത്തം ഒഴിഞ്ഞ ശേഷം പ്രത്യക്ഷ രാഷ്‌ട്രീയത്തിൽ എത്തിയ ഇദ്ദേഹം 2009 മുതൽ കോൺഗ്രസിന്റെ തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗമാണ്. കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Most Read: ക്‌ളാസ് മുറികളിലെ ഹിജാബ് അവകാശം ഭരണഘടനാപരം; ജസ്‌റ്റിസ്‌ സുധാന്‍ഷു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE