കണ്ണൂര്‍: നടുവില്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം യുഡിഎഫിന് തിരിച്ചടിയായി. യുഡിഎഫിന്റെ ഔദ്യോഗിക സ്‌ഥാനാര്‍ഥി അലക്‌സ് ചുനയം മാക്കലിനെതിരെ ഐ ഗ്രൂപ്പ് വിമതനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ബേബി ഓടംപള്ളി സ്‌ഥാനാര്‍ഥിയായി ഇടത് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനം പിടിച്ചെടുക്കുകയായിരുന്നു.
ഡിസിസി സെക്രട്ടറി കൂടിയായ ബേബിക്കൊപ്പം മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും കൂറുമാറി. യുഡിഎഫ് 11, എല്‍ഡിഎഫ് 7, എന്‍ഡിഎ 1 എന്നിങ്ങനെയായിരുന്നു നടുവില്‍ പഞ്ചായത്തിലെ കക്ഷി നില. ഇന്നത്തെ അട്ടിമറിയിലൂടെ 40 വര്‍ഷം നീണ്ട യുഡിഎഫ് ഭരണത്തിനാണ് നടുവില്‍ പഞ്ചായത്തില്‍ അവസാനമായത്.
പാര്‍ട്ടി തീരുമാനം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി പറഞ്ഞു. അതേസമയം ബേബി ഓടംപള്ളി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് തങ്ങള്‍ പിന്തുണ നല്‍കിയതെന്നാണ് എല്‍ഡിഎഫ് വാദം.
Read also: വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം അജ്‌ഞാതര്‍ തല്ലി തകര്‍ത്തു