കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബത്തേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 21 കേസുകളിൽ ഒന്നിലാണ് ഈമാസം 17ന് വനംവകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് ഗുരുതര പിഴവാണെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗുരുതര പിഴവുകൾ ഉണ്ടെന്നും കുറ്റപത്രം വൈകിയത് വീഴ്ചയാണെന്നും കോടതി പറഞ്ഞു. അഞ്ചുവർഷത്തിന് ശേഷമാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. എന്തുകൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകി എന്നത് സംബന്ധിച്ചുള്ള വിവരങ്ങളോ റിപ്പോർട്ടോ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
കൂടാതെ, വനത്തിൽ നിന്നാണോ മരം മുറിച്ചതെന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തതയില്ല. അതിനിടെ, വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നും തള്ളണമെന്നും ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരൻമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളിയിരുന്നു. തുടർന്ന് ഇവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Most Read| ഇറാനിയൻ കമ്പനികളുടെ വിമാന സർവീസുകൾ നിർത്തലാക്കി യുഎഇ






































