പാലക്കാട്: മാദ്ധ്യമപ്രവർത്തകർക്ക് എതിരായി പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്‌ണദാസ്. ഞാൻ ആലോചിച്ച് ചിന്തിച്ച് ഉത്തമബോധ്യത്തിൽ പറഞ്ഞ കാര്യമാണ്. ഷുക്കൂറിന്റെ വീട്ടിൽ ഒരുപാട് ആളുകൾ തടിച്ചുകൂടി ബുദ്ധിമുട്ടുണ്ടാക്കിയെന്നും കൃഷ്‌ണദാസ് പറഞ്ഞു.
റിപ്പോർട് ചെയ്യലല്ല മാദ്ധ്യമങ്ങളുടെ ലക്ഷ്യം. അടർത്തി വലതുപക്ഷത്തേക്ക് കൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. ഉത്തമബോധ്യത്തിൽ പറഞ്ഞ കാര്യമാണ്. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു, മാപ്പ് പറയില്ലെന്നും കൃഷ്‌ണദാസ് വ്യക്‌തമാക്കി.
സിപിഎം ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ മുൻ സ്‌ഥിരം സമിതി അധ്യക്ഷനുമായ അബ്‍ദുൽ ഷുക്കൂറും പാർട്ടി നേതൃത്വത്തിലെ ചിലരുമായുള്ള ഭിന്നതയെക്കുറിച്ച് ചോദിച്ച മാദ്ധ്യപ്രവർത്തകർക്ക് നേരെയാണ് കൃഷ്‌ണദാസ് ക്ഷോഭിച്ചത്. സിപിഎമ്മിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച ഷുക്കൂറിനെ അനുനയിപ്പിച്ച് തിരികെയെത്തിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് മാദ്ധ്യമ പ്രവർത്തകർക്ക് നേരെ എൻഎൻ കൃഷ്‌ണദാസ് അധിക്ഷേപ വാക്കുകൾ പറഞ്ഞത്.
”രാവിലെ മുതൽ ഇറച്ചിക്കടയ്‌ക്ക് മുന്നിലെ പട്ടികളെപ്പോലെ മാദ്ധ്യമങ്ങൾ കാത്തിരിക്കുകയാണ്. കഴുകൻമാരെപ്പോലെ കോലും (ചാനൽ മൈക്ക്) കൊണ്ടുവന്നാൽ മറുപടി പറയാൻ കഴിയില്ല”- കൃഷ്‌ണദാസ് ക്ഷുഭിതനായി പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും തുടർന്ന് വൈകിട്ട് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലുമാണ് കൃഷ്‌ണദാസ് അതിരുവിട്ട് മാദ്ധ്യമ പ്രവർത്തകരോട് പെരുമാറിയത്.
Most Read| സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്