തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പിഎസ്‌സി അംഗങ്ങൾക്ക് ക്രൈം ബ്രാഞ്ച് എസ്ഐടി കത്ത് നൽകി. ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ വീഴ്‌ച വരുത്തിയ കേസിലാണ് ചോദ്യം ചെയ്യൽ.
നേരത്തെ നോട്ടീസ് നൽകിയ നാല് അംഗങ്ങൾക്കും പിഎസ്‌സി സെക്രട്ടറിക്കുമാണ് ക്രൈം ബ്രാഞ്ച് എസ്‌പി സക്കറിയ മാത്യു കത്ത് നൽകിയത്. പിഎസ്‌സി അംഗങ്ങളായ എസ്എ സെയ്‌ഫ്, എസ് ശ്രീകുമാർ, സികെ ഷാജിബ്, സ്‌റ്റാനി തോമസ് എന്നിവർക്കാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്.
ഔദ്യോഗിക തിരക്കുകൾ ഒഴിഞ്ഞ് ഹാജരാകാൻ കഴിയുന്ന സമയം അറിയിക്കണമെന്ന് അംഗങ്ങൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ഥലം ക്രൈം ബ്രാഞ്ച് തീരുമാനിക്കും. പിഎസ്‌സി ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് അംഗങ്ങൾ വഴങ്ങാത്ത സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു.
പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സ്‌ഥലത്ത് മൊഴി നൽകാൻ ഹാജരാകണമെന്നുമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. ഇതേത്തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾക്ക് വീണ്ടും കത്തയച്ചത്. അതേസമയം, ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും പിഎസ്‌സി അംഗങ്ങൾ ആലോചിക്കുന്നുണ്ട്.
ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്‌പി സക്കറിയ മാത്യു, ഡിവൈഎസ്‌പി അജയ് നാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷാണ് മേൽനോട്ടം വഹിക്കുന്നത്.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം



































