ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പിളർപ്പിലേക്ക്. സിവി. ഷൺമുഖം നയിക്കുന്ന ഒരുവിഭാഗം ഭരണപക്ഷമായ ടിവികെയ്‌ക്ക് (തമിഴക വെട്രി കഴകം) പിന്തുണ പ്രഖ്യാപിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ കണ്ട് പിന്തുണക്കത്ത് കൈമാറുമെന്ന് ഷൺമുഖം മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്‌ഥാനത്ത് എഐഎഡിഎംകെയ്‌ക്ക് തുടർച്ചയായി ഉണ്ടായ തോൽവികളാണ് ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയെ പുനരുജ്‌ജീവിപ്പിക്കാൻ അതിന്റെ ഭാവിയെ കുറിച്ച് ചർച്ച വേണമെന്നും ഷൺമുഖം പറഞ്ഞു.
അതേസമയം, അണ്ണാ ഡിഎംകെ ജനറല് സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഡിഎംകെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചിരുന്നുവെന്ന ഗുരുതര ആരോപണവും ഷൺമുഖം ഉന്നയിച്ചു. ഡിഎംകെയെ തോൽപ്പിക്കാൻ വേണ്ടി മാത്രം ജനിച്ച പാർട്ടിയാണ് അണ്ണാ ഡിഎംകെ. ആ ഡിഎംകെയുടെ പിന്തുണ സ്വീകരിക്കാൻ എടപ്പാടി ശ്രമിച്ചു. ഞങ്ങൾ അതിനെ ശക്‌തമായി എതിർത്തുവെന്നും ഷൺമുഖം പറഞ്ഞു.
വിജയ്‌യുടെ പാർട്ടി 234 സീറ്റുകളിൽ 108 സീറ്റുകൾ നേടിയാണ് വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് വീണ്ടും ആവശ്യമായ 10 സീറ്റുകളിൽ അഞ്ചെണ്ണം കോൺഗ്രസ് നൽകി. ബാക്കി സീറ്റുകൾ നൽകാൻ ഷൺമുഖം പക്ഷം തയ്യാറായിരുന്നു. എന്നാൽ, ഇടതുപാർട്ടികളിൽ നിന്ന് നാല് സീറ്റും വിസികെയിൽ നിന്ന് രണ്ടു സീറ്റും ലഭിച്ചതോടെ ടിവികെയ്‌ക്ക് ഭരണമുറപ്പിക്കാൻ സാധിച്ചു.
47 സീറ്റാണ് അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പിൽ നേടിയത്. ഈ വിഭാഗത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കിയത് ടിവികെ സഖ്യത്തിന്റെ ഭൂരിപക്ഷം കൂടുതൽ ശക്‌തമാകും. ചർച്ച വിജയിച്ചാൽ വിജയിക്ക് 150 എംഎൽഎമാരുടെ പിന്തുണ ലഭിക്കും.
ജെസിഡി. പ്രഭാകർ നിയമസഭാ സ്‌പീക്കർ
ടിവികെ നിയമസഭാംഗം ജെസിഡി. പ്രഭാകറിനെ തമിഴ്‌നാട് നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുത്തു. ഏകകണ്‌ഠമായാണ് തീരുമാനം. ഡെപ്യൂട്ടി സ്‌പീക്കറായി ടിവികെ എംഎൽഎ രവിശങ്കറെയും തിരഞ്ഞെടുത്തു. കറുപ്പയ്യ ആയിരുന്നു പ്രോടൈം സ്‌പീക്കർ. സ്‌പീക്കർ സ്‌ഥാനത്തേക്ക് മറ്റാരും പത്രിക സമർപ്പിച്ചിട്ടില്ലായിരുന്നു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ



































